ആ വാർത്തയും കള്ളം; വെള്ളിയാഴ്‌ചകളിലെ പരീക്ഷ മാറ്റിവയ്‌ക്കണമെന്ന്‌ മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടിട്ടില്ല

Share our post

വെള്ളിയാഴ്‌ച ദിവസങ്ങളിലെ പരീക്ഷകൾ മാറ്റിവയ്‌ക്കണമെന്ന്‌ മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടതായ പ്രചാരണം തെറ്റെന്ന്‌ തെളിയുന്നു. 24 ന്യൂസ്‌ ചാനലാണ്‌ ഇത്തരം ഒരു വാർത്താ കാർഡ്‌ ഇറക്കിയിരുന്നത്‌. ഇത്‌ ആധികാരിമായി എടുത്ത്‌ പലരും സമൂഹ മാധ്യമങ്ങളിൽ വിമർശനമുയർത്തുകയും ചെയ്‌തു.

എന്നാൽ മുസ്ലിം സംഘടനകൾ ഇങ്ങനൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന്‌ സമസ്ത കേരള സുന്നി സ്റ്റുഡൻറ്സ് ഫെഡറേഷൻ (എസ്‌.കെ.എസ്‌.എസ്‌.എഫ്‌ )സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സത്താർ പന്തല്ലൂർ ഫെയ്‌സ്‌ ബുക്ക്‌ കുറിപ്പിൽ പറയുന്നു.

‘മുസ്ലിം സമുദായത്തിന്റെ ആവശ്യങ്ങൾ സമുദായം പോലും ചിന്തിക്കുന്നതിനു മുമ്പ് പൊതുജനമധ്യേ അവതരിപ്പിക്കാൻ 24 ചാനൽ കാണിക്കുന്ന ഉത്സാഹം അഭിനന്ദിക്കാതെ വയ്യ. പക്ഷെ ഇത്രക്ക് വേണ്ടായിരുന്നു. വെള്ളിയാഴ്ച ദിവസങ്ങളിൽ പരീക്ഷ മാറ്റിവയ്‌ക്കണമെന്ന് ഇന്നുവരെ ഒരു മുസ്ലിം സംഘടനയും ആവശ്യപ്പെട്ടിട്ടില്ല.

വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് തടസ്സമുണ്ടാവുന്ന രീതിയിൽ പരീക്ഷ വന്നാൽ അതിന്റെ സമയം ക്രമീകരിക്കണമെന്ന് ആവശ്യപ്പെടാറുണ്ടന്ന് മാത്രം. കഴിഞ്ഞദിവസം വന്ന തലശേരി അതിരൂപതയുടെ പ്രസ്താവനയ്‌ക്ക് തൂക്കമൊപ്പിക്കാൻ ഇത്തരം വൃത്തികേടുകളുമായി പത്രപ്രവർത്തകർ വരുന്നത് മോശമാണ്. മുസ്ലിം സംഘടനകൾ അവരുടെ ആവശ്യങ്ങൾ പറയുമ്പോൾ വളച്ചുകെട്ടില്ലാതെ കൊടുത്താൽ മതി. വെറുതെ മുറത്തിൽ കേറി കൊത്താൻ വരരുത്’–- സത്താർ പന്തല്ലൂർ പറയുന്നു.

ഞായറാഴ്‌ച സ്‌കൂൾ കായികമേള വേണ്ടെന്ന്‌ തലശേരി അതിരൂപത ബിഷപ്പ് പറഞ്ഞതായി ഏഷ്യാനെറ്റ്‌ ന്യൂസിന്റെ വാർത്താ കാർഡ്‌ വന്നിരുന്നു. പിന്നാലെയാണ്‌ മുസ്ലിം സംഘടനകളുടെ ആവശ്യം എന്ന പേരിൽ 24 ചാനലിന്റെ കാർഡ്‌ വന്നത്‌. കഴിഞ്ഞ ദിവസം ന്യൂനപക്ഷ ക്ഷേമ മന്ത്രി വിളിച്ചുചേർത്ത മുസ്ലിം സംഘടനകളുടെ യോഗത്തിലും ഇത്തരം ഒരു ആവശ്യമുയർന്നിട്ടില്ലെന്ന്‌ സത്താർ പന്തല്ലൂർ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!