വാഹനങ്ങളുടെ വേഗപരിധി; നിയന്ത്രണം ഹൈവേയില്‍ മാത്രമല്ല പഞ്ചായത്തു റോഡുകളിലും ബാധകം

Share our post

വാഹനങ്ങളുടെ വേഗപരിധി തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകളിലും ബാധകമാക്കി സൂചനാബോര്‍ഡ് വെക്കണമെന്നു സര്‍ക്കാര്‍ നിര്‍ദേശം. ഇത്തരം റോഡുകളിലെ പരമാവധി വേഗം 70 കിലോമീറ്ററില്‍ താഴെയായിരിക്കും.

ഓരോ പ്രദേശത്തിന്റെയും പ്രത്യേകതയനുസരിച്ച് റോഡുസുരക്ഷാ അതോറിറ്റിയുമായി ആലോചിച്ച് വേഗപരിധി കണക്കാക്കിവേണം ബോര്‍ഡ് സ്ഥാപിക്കാന്‍. ജൂലായ് ഒന്നുമുതല്‍ വേഗപരിധി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

എന്നാല്‍, തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലുള്ള റോഡുകള്‍ക്കു ബാധകമാക്കിയിരുന്നില്ല. മറ്റു റോഡുകള്‍ എന്നാണു പറഞ്ഞിരുന്നത്. പ്രധാനപാതകളിലെ ക്യാമറ, ടോള്‍ എന്നിവ ഒഴിവാക്കുന്നതിനു തദ്ദേശ റോഡുകളിലൂടെ പോകുന്നവര്‍ ഏറെയാണ്.

ഇതുകൂടി പരിഗണിച്ചാണു ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് ഉള്‍പ്പെടെ നിര്‍ദേശം വന്നിട്ടുള്ളത്. ആറുവരി ദേശീയപാതയില്‍ ഒന്‍പതു സീറ്റുവരെയുള്ള വാഹനങ്ങളുടെ വേഗപരിധി മണിക്കൂറില്‍ 110 കിലോമീറ്ററാണ്. നാലുവരി ദേശീയ പാതയില്‍ ഇത് 100 കിലോമീറ്ററും.

മറ്റു നാലുവരിപ്പാത, സംസ്ഥാന പാത എന്നിവിടങ്ങളില്‍ 90 കിലോമീറ്ററുമാണു വേഗപരിധി. ജില്ലാറോഡുകളില്‍ 80 കിലോമീറ്ററും മറ്റുറോഡുകളില്‍ 70-ഉം നഗരറോഡുകളില്‍ 50 കിലോമീറ്ററുമാണ് അനുവദിച്ചിട്ടുള്ളത്. ഒന്‍പതു സീറ്റുവരെയുള്ള വാഹനങ്ങള്‍ക്ക് തദ്ദേശ റോഡുകളില്‍ (നഗരറോഡുകളിലൊഴികെ) 70 കിലോമീറ്റര്‍ വേഗമാകാം. ചെറുകിട ചരക്കുവാഹനങ്ങള്‍ക്കു പരമാവധി വേഗം 65-ഉം നഗരറോഡുകളില്‍ 50-ഉം ആണ് നിശ്ചയിച്ചിരിക്കുന്നത്.

വേഗപരിധി നിശ്ചയിച്ചെങ്കിലും ഇതുസംബന്ധിച്ച ബോര്‍ഡുകള്‍ പലയിടത്തുമില്ല. മാത്രമല്ല, തദ്ദേശഭരണസ്ഥാപനങ്ങളുടെ പരിധിയിലുള്ള റോഡുകളില്‍ ഇതു ബാധകമല്ലെന്ന തെറ്റിദ്ധാരണയുമുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ ബോര്‍ഡ് സ്വന്തംചെലവില്‍ വെക്കണമെന്നും നിര്‍ദേശമുണ്ട്.

ഗതാഗതനിയമലംഘനം പരിശോധിക്കാന്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അതുസംബന്ധിച്ച വിവരവും ബോര്‍ഡിലൂടെ അറിയിക്കണം. മഴ, മൂടല്‍മഞ്ഞ് എന്നിവയുണ്ടെങ്കില്‍ അതനുസരിച്ചുള്ള വേഗപരിധി നിശ്ചയിച്ചും ബോര്‍ഡ് വെക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!