പുകവലിക്കരുത്, വന്ദേ ഭാരത് നിൽക്കും; ശൗചാലയത്തിലുമുണ്ട് സെൻസർ
കണ്ണൂർ: ശൗചാലയത്തിനുള്ളിൽ പുകവലിച്ചാലും വന്ദേ ഭാരത് തീവണ്ടി നിൽക്കും. കേരളത്തിലെ പുതിയ വന്ദേ ഭാരത് ഒരാഴ്ചയ്ക്കുള്ളിൽ രണ്ടുതവണയാണ് നിന്നത്. തിരൂർ, പട്ടാമ്പി-പള്ളിപ്പുറം എന്നിവിടങ്ങളിലാണ് സംഭവം. ശൗചാലയത്തിനുള്ളിൽ കയറി യാത്രക്കാരൻ പുകവലിച്ചതാണ് കാരണം. പുകവലിച്ചവരിൽനിന്ന് പിഴയീടാക്കി. വണ്ടി നിന്നതിനെത്തുടർന്ന് യാത്രക്കാർ പരിഭ്രാന്തരാകുകയും ചെയ്തു.
വന്ദേഭാരത് എക്സ്പ്രസിൽ കോച്ച്, യാത്രക്കാർ കയറുന്ന സ്ഥലം, ശൗചാലയത്തിനകം ഉൾപ്പെടെ സ്മോക്ക് ഡിറ്റക്ഷൻ സെൻസറുണ്ട്. പുകയുടെ അളവ് സെൻസറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ കൂടുതലായാൽ അവ പ്രവർത്തിക്കും. ലോക്കോ കാബിൻ ഡിസ്പ്ലേയിൽ അലാറം മുഴങ്ങും. ഏത് കോച്ചിൽ, എവിടെനിന്നാണ് പുക വരുന്നതെന്നും സ്ക്രീനിൽ കാണിക്കും. അലാറം മുഴങ്ങിയാൽ വണ്ടി നിർത്തണമെന്നാണ് നിയമം. വണ്ടിക്കുള്ളിലെ റെയിൽവേയുടെ സാങ്കേതികവിഭാഗം ജീവനക്കാർ ഇത് കണ്ടെത്തി തീയില്ലെന്ന് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഉറപ്പുവരുത്തണം. എങ്കിൽ മാത്രമേ ലോക്കോ പൈലറ്റ് വീണ്ടും വണ്ടി സ്റ്റാർട്ട് ചെയ്യൂ.
എന്നാൽ ശൗചാലയത്തിനുള്ളിൽ ഇത്തരം സംവിധാനമുണ്ടെന്ന് ഭൂരിഭാഗം യാത്രക്കാർക്കും അറിയില്ല. തിരുപ്പതി-സെക്കന്ദരാബാദ് വന്ദോരത് എക്സ്പ്രസിൽ പുകവലിച്ച യാത്രക്കാരൻ കസ്റ്റഡിയിലായത് വലിയ സംഭവമായിരുന്നു. വണ്ടിയിൽ പുക ഉയരുകയും അപായ സൈറൺ മുഴങ്ങുകയും ചെയ്തു. വണ്ടി പിടിച്ചിട്ടു. ഒരാൾ ശൗചാലയത്തിൽ കയറി പുകവലിച്ചതായിരുന്നു കാരണം. സിഗരറ്റ് കുറ്റി മാലിന്യ ബോക്സിലിട്ടതും പുക ഉയരാൻ കാരണമായി. നിലവിൽ എൽ.എച്ച് ബി. വണ്ടികളിലെ എ.സി. കോച്ചുകളിൽ സ്മോക്ക് സെൻസറുണ്ട്. പുക ഉയർന്നാൽ വണ്ടി സ്വയം നിൽക്കും. നേത്രാവതി എക്സ്പ്രസിൽ ഇത് സംഭവിച്ചിരുന്നു.
പരമ്പരാഗത ഐ.സി.എഫ്. കോച്ചുകളിലും (എ.സി.യിൽ) സെൻസർ ഘടിപ്പിച്ചുവരുന്നുണ്ട്. ഇപ്പോഴിറങ്ങുന്ന ഏറ്റവും പുതിയ എൽ.എച്ച്.ബി. കോച്ചുകളിലെ ശൗചാലയത്തിലും സെൻസർ വെച്ചിട്ടുണ്ട്. വണ്ടിയിലെ തീപ്പിടിത്തം ഉൾപ്പെടെ നേരത്തേ തിരിച്ചറിഞ്ഞ് സുരക്ഷയൊരുക്കുകയെന്നതാണ് ലക്ഷ്യം. അതിനാൽ വണ്ടിക്കകത്ത് പുകവലിച്ചാൽ പിഴയടയ്ക്കേണ്ടിവരും. വണ്ടി വൈകാനും കാരണമാകും.