തലക്കാണിയിലെ കുട്ടികളെ ഇനി ‘ആമി’ ഇംഗ്ലീഷ് പഠിപ്പിക്കും

കൊട്ടിയൂർ : ‘ആമി’യോട് കൂട്ടുകൂടാനുള്ള തിരക്കിലാണ് ഇപ്പോൾ തലക്കാണി ഗവ. യു.പി സ്കൂളിലെ കുട്ടികൾ. എന്നാൽ ആമി മലയാളം പറയില്ല. ഇംഗ്ലീഷിൽ ചോദിച്ചാൽ എല്ലാത്തിനും അവൾ കൃത്യമായ മറുപടി പറയും. ആമി ആരെന്നല്ലേ. ഇംഗ്ലീഷ് സംസാരിക്കുന്ന പാവക്കുട്ടിയാണ് ‘ആമി’. ആമസോൺ അലക്സ എന്ന ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് ഉപകരണത്തെ ഇംഗ്ലീഷ് ഭാഷാപഠനത്തിന് പ്രയോജനപ്പെടുത്തുകയാണ് തലക്കാണി സ്‌കൂൾ. ഉപകരണത്തെ പാവക്കുള്ളിൽ സ്ഥാപിച്ച് ഇംഗ്ലീഷ് സംസാരിക്കുന്ന പാവക്കുട്ടിയായി മാറ്റിയിരിക്കുന്നു. പാവക്കുട്ടിയ്ക്ക് ‘ആമി’ എന്ന പേര് നൽകി. ആമിയോട് ഇംഗ്ലീഷിൽ ചോദിക്കാനുള്ള ചോദ്യങ്ങൾ കുട്ടികൾ അന്വേഷിച്ചു കണ്ടെത്തും. ‘ആമി’ യെ സ്കൂൾ യൂണിഫോം ഉടുപ്പിച്ച് ഒരുക്കിയെടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
പദ്ധതി കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്‌ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർപേഴ്സൺ ജീജ പാനികുളങ്ങര അധ്യക്ഷയായി. ജിം നമ്പുടാകം, ജിജോ അറക്കൽ, വി.കെ. സൗമ്യ, കെ.പി. ജെസ്സി, ഒ.കെ. റോസമ്മ തുടങ്ങിയവർ സംസാരിച്ചു. പ്രധാനാധ്യാപകൻ എം.പി സിറാജുദ്ദിൻ സ്വാഗതവും കെ. ഹിമ നന്ദിയും പറഞ്ഞു.