പെര്‍മിറ്റില്ലാതെ ഓട്ടം, ഫിറ്റ്‌നെസുമില്ല; ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസ് പിടിച്ചെടുത്ത് എം.വി.ഡി

Share our post

കല്പറ്റ: പെര്‍മിറ്റ് ഇല്ലാതെ മാനന്തവാടിയില്‍നിന്ന് കോട്ടയത്തേക്ക് സര്‍വീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോര്‍വാഹന വകുപ്പ് പിടികൂടി. ആന്‍ഡ്രൂസ് എന്ന ബസാണ് പെര്‍മിറ്റ് ഇല്ലാതെ സര്‍വീസ് നടത്തിയത്. തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെ കല്പറ്റ പുതിയ ബസ്സ്റ്റാന്‍ഡില്‍വെച്ചാണ് വാഹനം പിടികൂടിയത്.

ദേശസാത്കൃത റൂട്ടുകളില്‍ 140 കിലോമീറ്ററിന് മുകളിലുള്ള സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി. ഏറ്റെടുത്തതോടെയാണ് സ്വകാര്യ ബസിന്റെ പെര്‍മിറ്റ് റദ്ദായത്. ഇത് വകവെക്കാതെ യാത്രക്കാരുമായി ബസ് തിങ്കളാഴ്ച രാത്രി പുതിയ ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് മോട്ടോര്‍വാഹന വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ബസ് കസ്റ്റഡിയിലെടുത്തു.

വിശദമായ പരിശോധനയില്‍ ബസ്സിന്‌ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നും കണ്ടെത്തിയതായി മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു. 49 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. രാത്രി പത്തരയോടെ മോട്ടോര്‍വാഹന വകുപ്പ് യാത്രക്കാര്‍ക്കായി മറ്റൊരു കോണ്‍ട്രാക്ട് കാര്യേജ് വാഹനം ഏര്‍പ്പാടാക്കി നല്‍കി.

കസ്റ്റഡിയിലെടുത്ത സ്വകാര്യ ബസ് പുത്തൂര്‍വയല്‍ എ.ആര്‍. ക്യാമ്പിലേക്ക് മാറ്റി. ബസ്സുടമയില്‍നിന്ന് പിഴ ഈടാക്കിയശേഷം വാഹനം വര്‍ക്ഷോപ്പിലേക്ക് മാറ്റുമെന്ന് അധികൃതര്‍ പറഞ്ഞു. എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ. അനൂപ് വര്‍ക്കിയുടെ നിര്‍ദേശപ്രകാരം എം.വി.ഐ. എസ്. അജിത്കുമാര്‍, എ.എം.വി.ഐ.മാരായ എ. ഷാനവാസ്, കെ.സി. സൗരവ് എന്നിവരുടെ നേതൃത്വത്തിലാണ് ബസ് പിടികൂടിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!