Connect with us

Kerala

മദ്രസാ പാഠപുസ്തകത്തില്‍ റോഡ്‌ സുരക്ഷ ബോധവത്കരണം; അഭിനന്ദിച്ച് മോട്ടോര്‍വാഹന വകുപ്പ്

Published

on

Share our post

പരപ്പനങ്ങാടി: റോഡിലെ കരുതലിന്റെ ബാലപാഠങ്ങള്‍ കുരുന്നുമനസ്സുകളിലേക്ക് പകര്‍ന്നുനല്‍കുന്ന മദ്രസാ പാഠപുസ്തകത്തിന് മോട്ടോര്‍വാഹന വകുപ്പിന്റെ അനുമോദനം. കോഴിക്കോട് മര്‍കസുദ്ദഅവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (സി.ഐ.ഇ.ആര്‍.) പുറത്തിറക്കുന്ന പാഠപുസ്തകങ്ങളിലാണ് ഇവ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കുട്ടികളുടെ റോഡ്‌ സുരക്ഷാ പഠനം നേരിട്ട് കാണുന്നതിനും സി.ഐ.ഇ.ആറിനെ മോട്ടോര്‍വാഹന വകുപ്പിന്റെ അനുമോദനമറിയിക്കുന്നതിനുമായി പരപ്പനങ്ങാടി സോഫ്റ്റ് അക്കാദമി കാമ്പസിലുള്ള മദ്രസത്തുല്‍ ഇസ്ലാഹിയ്യയില്‍ മലപ്പുറം എന്‍ഫോഴ്‌സ്മെന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍ എം.കെ. പ്രമോദ് ശങ്കര്‍ എത്തി. അക്കാദമിക് കണ്‍വീനര്‍ റഷീദ് പരപ്പനങ്ങാടിയെ അദ്ദേഹം തങ്ങളുടെ അഭിനന്ദനവും പിന്തുണയും അറിയിച്ചു.

സി.ഐ.ഇ.ആര്‍ പാഠ്യപദ്ധതിക്ക് അനുമോദനവും പിന്തുണയും അറിയിച്ചെത്തിയ മലപ്പുറം എന്‍ഫോഴ്‌സ്മെന്റ് എം.വി.ഐ. പ്രമോദ് ശങ്കറിന്റെ നേതൃത്വത്തിലുള്ള മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്‍വീനര്‍ റഷീദ് പരപ്പനങ്ങാടിയുമായി ചര്‍ച്ചനടത്തുന്നു.

എ.എം.വി.ഐ. ഷബീര്‍ പാക്കാടന്‍, ഗഫൂര്‍ കരുമ്പില്‍, പരപ്പനങ്ങാടി എജ്യുക്കേഷണല്‍ കോംപ്ലക്‌സ് ആന്‍ഡ് ചാരിറ്റി സെന്റര്‍ ജനറല്‍ സെക്രട്ടറി ഇ.ഒ. അബ്ദുല്‍ഹമീദ്, അഡ്മിനിസ്‌ട്രേറ്റര്‍ മന്‍സൂര്‍ അലി ചെമ്മാട്, മദ്രസത്തുല്‍ ഇസ്ലാഹിയ്യ സദര്‍ ഇ.ഒ. അബ്ദുന്നാസര്‍, പി. ഫിറോസ് തുടങ്ങിയവര്‍ പങ്കെടുത്തു. ആറ്, എട്ട് ക്ലാസുകളിലെ പാഠപുസ്തകങ്ങളിലാണ് റോഡിലെ മര്യാദകളും നിയമസാക്ഷരതയും അവ പാലിക്കുന്നതിന്റെ പ്രാധാന്യവും ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ആറാംക്ലാസില്‍ 2008 മുതലും എട്ടാംക്ലാസില്‍ 2016 മുതലുമാണ് ഇവ പഠിപ്പിക്കുന്നത്. പദ്യരൂപത്തിലും സൂചനാരൂപത്തിലും അഭ്യാസരൂപത്തിലുമെല്ലാം റോഡ്‌ നിയമങ്ങളും മര്യാദകളും വളരെ ശാസ്ത്രീയമായും വിശദമായും പഠിപ്പിക്കുന്നുണ്ട്. 2003 മുതലാണ് കെ.എന്‍.എം മര്‍കസുദ്ദഅവയ്ക്കു കീഴില്‍ സി.ഐ.ഇ.ആര്‍. പ്രവര്‍ത്തനമാരംഭിച്ചത്. സംസ്ഥാനത്തും വിദേശത്തുമായി നിരവധി മദ്രസകളും സ്‌കൂളുകളും ഈ പാഠ്യപദ്ധതിയനുസരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.


Share our post

Kerala

ഓപ്പറേഷന്‍ ഡി-ഹണ്ട്: 137 പേർ അറസ്റ്റിൽ

Published

on

Share our post

തിരുവനന്തപുരം: ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി വെള്ളിയാഴ്ച സംസ്ഥാനവ്യാപകമായി നടത്തിയ പ്രത്യേക പരിശോധയിൽ 137 പേർ അറസ്റ്റിൽ. 126 കേസുകൾ രജിസ്റ്റർ ചെയ്തു.ആകെ 0.049 കിലോ എം.ഡി.എം.എയും 17.089 കിലോ കഞ്ചാവും പിടിച്ചെടുത്തു. മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 2301 പേരെയാണ് പരിശോധിച്ചത്. പൊതുജനങ്ങളിൽ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ സ്വീകരിച്ച് നടപടികൾ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക്ക് കൺട്രോൾ റൂം (9497927797) നിലവിലുണ്ട്.


Share our post
Continue Reading

Kerala

കേരള പോലീസ് സേനയുടെ ഭാഗമായി 447 പേർ; പാസിങ്‌ ഔട്ട് പരേഡ് നടത്തി

Published

on

Share our post

കേരള പോലീസിന്റെ വിവിധ ബറ്റാലിയനുകളിൽ പരിശീലനം പൂർത്തിയാക്കിയ 447 പേരുടെ പാസ്സിങ് ഔട്ട് പരേഡ് കെ എ പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് നടന്നു. സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹെബ് സല്യൂട്ട് സ്വീകരിച്ചു. ജനങ്ങളുടെ ആവശ്യം എത്രയും പെട്ടെന്ന് നിറവേറ്റുകയെന്നതാണ് ജനമൈത്രി പോലീസിന്റെ കടമയെന്ന് അദ്ദേഹം പറഞ്ഞു. പരിശീലന കാലയളവിൽ മികവ്‌ തെളിയിച്ച വിവിധ ബറ്റാലിയനുകളിലെ റിക്രൂട്ട് സേനാംഗങ്ങൾക്കുള്ള പുരസ്കാരങ്ങളും അദ്ദേഹം വിതരണം ചെയ്തു. 2024 ജൂണിൽ പരിശീലനം ആരംഭിച്ച എം എസ് പി, കെ എ പി രണ്ട്, കെ എ പി നാല്, കെ എ പി അഞ്ച് ബറ്റാലിയനുകളിലെ 347 പോലീസ് സേനാംഗങ്ങളും 2024 സെപ്റ്റംബര്‍ മാസം ഇന്ത്യാ റിസര്‍വ് ബറ്റാലിയനില്‍ പരിശീലനം ആരംഭിച്ച 100 പോലീസ് ഡ്രൈവര്‍ സേനാംഗങ്ങളുമാണ് പാസ്സിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്. കാസർഗോഡ് സ്വദേശിയും കെ എ പി. നാലാം ബറ്റാലിയനിലെ സേനാംഗവുമായ പി. ആദർഷ്, മലപ്പുറം സ്വദേശിയും എം എസ് പിയിലെ ടി.കെ അക്ബർ അലി എന്നിവരാണ് പരേഡ് നയിച്ചത്. സേനാംഗങ്ങളിൽ 40 പേർ ബിരുദാനന്തര ബിരുദം, എം.ടെക് നേടിയവരും ഒൻപത് പേർ എം.ബി.എക്കാരും 33 ബി.ടെക്, 192 ബിരുദം നേടിയവരുമാണ്. നാല് ബി.എഡ് ബിരുദദാരികളും 39 ഡിപ്ലോമക്കാരും 129 പേർ പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവരുമാണ്.

ഔട്ട്ഡോർ വിഷയത്തിൽ ശാരീരിക ക്ഷമത, റൂട്ട് മാർച്ച്, തടസ്സങ്ങളെ മറികടക്കൽ, ആയുധമില്ലാതെ ശത്രുവിനെ കീഴ്പ്പെടുത്തൽ, യോഗാഭ്യാസം, കരാട്ടെ എന്നിവയടങ്ങിയ ശാരീരിക പരിശീലനവും പരേഡ്, അക്രമാസക്തമായ ജനക്കൂട്ടത്തെ നിയന്ത്രിക്കൽ തുടങ്ങിയ വിഷയങ്ങളിലുള്ള ഡ്രില്ലും ഭാഗമായിരുന്നു. ആധുനിക ആയുധങ്ങളുടെ ഉപയോഗവും പ്രവർത്തനങ്ങളും, സ്ഫോടക വസ്‌തുക്കളെ കൈകാര്യം ചെയ്യുന്നതിനുള്ള അറിവും പരിശീലനവും നൽകുന്ന വെപ്പൺ ട്രെയിനിങ്, ജംഗിളിൽ അനുവർത്തിക്കേണ്ട കാര്യങ്ങൾ അടങ്ങിയ ഫീൽഡ് ക്രാഫ്റ്റും, കമാണ്ടോ ട്രെയിനിംഗും, നവീകരിച്ച ഷീൽഡ് ഡ്രില്ലും, സ്വിമ്മിംഗ്, കമ്പ്യൂട്ടർ, ഡ്രൈവിംഗ് എന്നിവയിലും പരിശീലനം നേടി. കടൽത്തീരം വഴിയുള്ള ശത്രുക്കളുടെ കടന്നുകയറ്റം മനസ്സിലാക്കുന്നതിനായി കോസ്റ്റൽ പോലീസ് സ്റ്റേഷനുകൾ സന്ദർശിച്ചിട്ടുള്ള പരിശീലനം, കോടതികളുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനുള്ള പരിശീലനം, ഇൻഡോർ വിഷയങ്ങളിൽ ഭരണഘടന, ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അതിനിയം, പോലീസ് ആക്‌ട്, ഇന്ത്യാ ചരിത്രം, കേരളാ ചരിത്രം, പോലീസ് സ്റ്റാൻഡിംഗ് ഓർഡർ തുടങ്ങിയ വിഷയങ്ങളിലെ അറിവും മനുഷ്യ സ്വഭാവത്തെക്കുറിച്ച് മനസ്സിലാക്കൽ, സ്വാതന്ത്ര്യ ലബ്‌ധിക്കു ശേഷം ഇന്ത്യയിലുണ്ടായ സാമൂഹികവും രാഷ്ട്രീയവുമായ മാറ്റങ്ങൾ, സൈക്കോളജി, വിവിധ അവസരങ്ങളിൽ ചെയ്യേണ്ട ഡ്യൂട്ടികൾ, വിഐപി ഡ്യൂട്ടികൾ, അത്യാഹിതങ്ങൾ, പ്രകൃതി ദുരന്തങ്ങൾ എന്നീ അവസരങ്ങളിൽ ചെയ്യേണ്ട പോലീസ് ഡ്യൂട്ടികൾ, വിവിധ തരത്തിലുള്ള വകുപ്പുതല വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതിനും സ്പെഷ്യലൈസ്‌ഡ് വാഹനങ്ങളായ ക്രെയ്ൻ, റിക്കവറി വെഹിക്കിൾ, വരുൺ, വജ്രാ എന്നിവ ഉപയോഗിക്കുന്നതിനെ സംബന്ധിച്ചും, വി വി ഐ പി മോട്ടോർ കേഡ് വെഹിക്കിൾ മൂവ്മെന്റ് എന്നീ വിഷയങ്ങളിലുമാണ് പ്രായോഗിക പരിശീലനം നൽകിയത്.

അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് എം. ആർ. അജിത്ത് കുമാർ, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് എ പി ആനന്ദ് ആർ, ഡി എസ് സി കമാൻഡർ ശ്രീകുമാർ കെ പിള്ള, ഏഴിമല നേവൽ അക്കാദമി ലെഫ്റ്റ് കമാൻഡർ അസ്തേഹം സർ താജ്, ഡി എസ് സി കമാൻഡന്റ് കേണൽ പി എസ് നാഗ്റ, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിതിൻരാജ്, റൂറൽ ഡിസ്ട്രിക്ട് പോലീസ് മേധാവി അനൂജ് പലിവാൽ, മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ, മറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


Share our post
Continue Reading

Kerala

വയോജനങ്ങളെ ചേര്‍ത്തുപിടിക്കാം; വ്യത്യസ്തമായി ‘വിഷു കൈനീട്ടം’

Published

on

Share our post

വിഷുദിനാഘോഷവുമായി ബന്ധപ്പെട്ട് തലശ്ശേരി മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ കീഴിലുള്ള ആര്‍ദ്രദീപം പദ്ധതിയും നഗരസഭയും സബ് കളക്ടര്‍ ഓഫീസും സംയുക്തമായി ‘വിഷുകൈ നീട്ടം’പരിപാടി സംഘടിപ്പിച്ചു. വയോജനങ്ങളും വിദ്യാര്‍ഥികളും ഒത്തുചേര്‍ന്ന പരിപാടി തലശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.എം ജമുനറാണി ഉദ്ഘാടനം ചെയ്തു. എല്ലാവര്‍ക്കും ഒത്തുകൂടാനും കാണാനും സംസാരിക്കുവാനുള്ള അവസരങ്ങളാണ് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. തലശ്ശേരി ഗവ ബ്രണ്ണന്‍ കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ സബ് കളക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി അധ്യക്ഷനായി. വിവിധ വയോജന കേന്ദ്രങ്ങളില്‍ നിന്നായി നൂറിലധികം വയോജനങ്ങള്‍ പരിപാടിയുടെ ഭാഗമായി. എത്തിച്ചേര്‍ന്ന മുഴുവന്‍ വയോജനങ്ങള്‍ക്കും സബ് കലക്ടര്‍ വിഷു കൈനീട്ടവും നല്‍കി.

വയോജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് തലശ്ശേരി മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ നേതൃത്വത്തില്‍ ആര്‍ദ്രദീപം പദ്ധതി നടപ്പിലാക്കുന്നത്. അവബോധം, വിഭവസമാഹരണം, മാനസിക പിന്തുണ നല്‍കല്‍ എന്നീ ലക്ഷ്യങ്ങളാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. വയോജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ട്രിബ്യൂണലിന്റെ മുന്‍പില്‍ എത്തിക്കുക, ആവശ്യമായ സാധനങ്ങള്‍ സി എസ് ആര്‍ ഫണ്ട് വഴി കണ്ടെത്തി നല്‍കുക, വീടുകളിലും മറ്റും ഒറ്റപ്പെട്ടും മറ്റും മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന നിരാലംബരായ വയോജനങ്ങള്‍ക്കു മാനസിക പിന്തുണ നല്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. പരിപാടിയില്‍ തലശ്ശേരി ഗവ ബ്രണ്ണന്‍ കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ പ്രിന്‍സിപ്പാള്‍ പി പ്രശാന്ത്, ഡി എല്‍ എസ് എ സബ് ജഡ്ജ് പി മഞ്ജു, തലശ്ശേരി നഗരസഭാ സെക്രട്ടറി സുരേഷ് കുമാര്‍, മെയിന്റനന്‍സ് ട്രൈബ്യൂണല്‍ കണ്‍സിലിയേഷന്‍ ഓഫീസര്‍ നാരായണന്‍, സബ് കലക്ടര്‍ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് ഇ സൂര്യകുമാര്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പി ബിജു തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെയും വയോജനങ്ങളുടെയും കലാപരിപാടികള്‍ അരങ്ങേറി.


Share our post
Continue Reading

Trending

error: Content is protected !!