പേരാവൂർ: കനത്ത മഴയെത്തുടർന്ന് മുളച്ചുതുടങ്ങിയ നെൽക്കതിരിന് മുന്നിൽ കണ്ണീരണിഞ്ഞ് കർഷകർ.പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വളയങ്ങാട് പാടശേഖരത്തിൽ കൃഷിയിറക്കിയ 19 കർഷകരാണ് അദ്ധ്വാനമൊന്നാകെ പാഴായിപ്പോകുന്നതിന്റെ സങ്കടത്തിൽ കഴിയുന്നത്.
ദിവസങ്ങളായി പെയ്ത കനത്ത മഴയിൽ ഇവരുടെ നെൽകൃഷി പൂർണ്ണമായും നശിച്ചു. വെള്ളത്തിലേക്ക് വീണ് കിടക്കുന്ന നെൽക്കതിർ മുളച്ചു കഴിഞ്ഞു.ബ്ലോക്കിലെ ഏറ്റവും വലിയ പാടശേഖരമാണ് വളയങ്ങാട് പാടശേഖരം പതിമൂന്നര ഏക്കറിൽ കൃഷി ചെയ്ത നെൽകൃഷിയിൽ പത്തേക്കറിലധികം പാടെ നശിച്ചു.
അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കിയില്ലെങ്കിൽ ഇനി നെൽകൃഷി ഉപേക്ഷിക്കേണ്ടി വരുമെന്നാണ് കർഷകർ ഒന്നടങ്കം പറയുന്നത്.വളയങ്ങാട് പാടശേഖരത്തിൽ പൂർണമായും ജൈവ കൃഷിയാണ്. അൻപത് വർഷത്തിലേറെയായി നെൽകൃഷി ചെയ്യുന്ന പരമ്പരാഗത കർഷകരാണ് ഇവരെല്ലാം. മൂന്നര ടൺ വരെ നെല്ല് കിട്ടാൻ തുടങ്ങിയതോടെ പേരാവൂർ റൈസ് എന്ന പേരിൽ ഇവർ വിപണിയിലെത്തിച്ച അരിക്ക് വൻ സ്വീകാര്യത ലഭിച്ചിരുന്നു.
എന്നാൽ നഷ്ടം താങ്ങാനാകാത്തതിനാൽ കഴിഞ്ഞ വർഷം 26 പേരുണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ 19 ലേക്ക് കൃഷിക്കാരുടെ എണ്ണം ചുരുങ്ങി. മഴക്കാലത്ത് ചിലവ് കൂടുതലായതും മറ്റു കൃഷികളിൽ കൂടുതൽ വരുമാനമുണ്ടാകുമെന്ന കണക്കുകൂട്ടലിലുമാണ് ബാക്കിയുള്ളവർ പിന്മാറിയതെന്ന് കർഷകർ പറയുന്നു.പ്രതിസന്ധിയെ അതിജീവിച്ച് നെൽക്കൃഷിയിൽ ഉറച്ചുനിന്നവരാണ് ഇപ്പോൾ
പ്രതികൂല കാലാവസ്ഥ മൂലം പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയിലെത്തിയിരിക്കുന്നത്.
കൂടുതൽ കർഷകർ പിന്മാറുന്ന സാഹചര്യത്തിൽ ഇനി നെൽകൃഷി മുന്നോട്ട് കൊണ്ടു പോകാൻ ആവില്ലെന്നാണ് ഈ കർഷകൻ പറയുന്നത്. റോബി മാനുവൽ, ജോസ് വള്ളിയിൽ , വി.എസ്.തോമസ്, ജോഷി അടിച്ചിലമാക്കൽ, ദേവസ്യ ഓരത്തേൽ, ഷൈജു പളളിപ്പറമ്പിൽ, കെ.രാജൻ, ശാന്ത ഭാസ്കരൻ, എം.ജെ.ജോൺ, ജോളി വിച്ചാട്ട്, എ.ജെ. ഷാജു, അറക്കൽ ജെയ്സൺ, കെ.വി.ജോസ്, എൻ.എസ്.സുമതി, ഷീബ കുര്യൻ, എ.ടി.രാമചന്ദ്രൻ ,കെ.ടി. ജോസഫ്, റോസമ്മ ജോർജ് തുടങ്ങിയവരുടെ നെൽ കൃഷിയാണ് നശിച്ചത്.
കർഷകർക്ക് സംഭവിച്ച നഷ്ടം വിലയിരുത്തി കൃഷി വകുപ്പ് സഹായിച്ചില്ലെങ്കിൽ അവശേഷിക്കുന്നവരും കൃഷി ഉപേക്ഷിക്കുകയല്ലാതെ മറ്റ് മാർഗമില്ല- വളയങ്ങാട് പാടശേഖരത്തിലെ കർഷകർ പച്ചക്കപ്പയ്ക്ക് 30 രൂപ ലഭിക്കും പാടശേഖരത്തിലെ ജോബി സെബാസ്റ്റ്യന്റെ മാത്രം ഒന്നര ഏക്കർ നെൽ കൃഷിയാണ് നശിച്ചത്. ഇത്തവണ നല്ല വിളവുമായിരുന്നു.
പാടശേഖരത്തിൽ അവശേഷിക്കുന്നത് മൂന്ന് ഏക്കറോളമാണ്. കൊയ്ത്ത് മെഷീൻ കൊണ്ടുവന്ന് ഇവ കൊയ്തെടുക്കുമ്പോഴുള്ള ചിലവ് ഭാരിച്ച ബാദ്ധ്യതയാണ്.ഇന്നുവരെ ഇല്ലാത്ത ഒരു നഷ്ടത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഒരു കിലോ പച്ചക്കപ്പയ്ക്ക് 30 രൂപയുള്ളപ്പോൾ വലിയ മുതൽ മുടക്കുള്ള നെൽകൃഷിയിൽ നിന്ന് തുച്ഛമായ വരുമാനമാണ് ലഭിക്കുന്നത്. പരമ്പരാഗത കൃഷി ഉപേക്ഷിക്കാനുള്ള വിഷമം കൊണ്ടു മാത്രമാണ് ഇവരിൽ പലരും പിടിച്ചു നിൽക്കുന്നത്.