രാജ്യത്ത് ഏറ്റവും കൂടുതല്‍ ഡെങ്കി കേസുകള്‍ കേരളത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു. സപ്റ്റംബര്‍ 30 വരെ 10,734 കേസുകളാണ് കേരളത്തില്‍ രേഖപ്പടുത്തിയത്. 38 ഡെങ്കിപ്പനി മരണങ്ങളും ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ആകെ 94,198 ഡെങ്കി കേസുകളാണ് സപ്റ്റംബര്‍ 17 വരെ സ്ഥിരീകരിച്ചത്. ഇതില്‍ കേരളത്തില്‍ മാത്രം 9,770 കേസുകളുണ്ട്. കേരളം കഴിഞ്ഞാല്‍ കര്‍ണാടകയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഉളളത്.
കൂടുതല്‍ പരിശോധന നടത്തുന്നതിനാലാണ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതേ സമയം ഭൂമിശാസ്ത്രപരവും കാലാവസ്ഥാ വ്യതിയാനങ്ങളും കേരളത്തില്‍ ഡെങ്കിപ്പനി വ്യാപകമാകാൻ കാരണമായിട്ടുണ്ടെന്ന് ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ പറഞ്ഞു.
കേരളത്തില്‍ സമൃദ്ധമായ ജലാശയങ്ങളും കൊതുകുകള്‍ പെരുകാൻ സാധ്യതയുള്ള താഴ്ന്ന തണ്ണീര്‍ത്തടങ്ങളുമുണ്ട്. 2023-ന്റെ അവസാന പകുതിയില്‍ സംസ്ഥാനത്ത് മഴയും ശക്തമായിരുന്നു. ഇത് ശുദ്ധജലത്തില്‍ മുട്ടയിടുന്ന ഈഡിസ് കൊതുകുകള്‍ക്ക് പ്രജനനത്തിന് അനുയോജ്യമായ സാഹചര്യം ഒരുക്കി. മാത്രമല്ല ജനസാന്ദ്രത കൊതുകുകള്‍ക്ക് വൈറസ് പരത്തുന്നത് എളുപ്പമാക്കുന്നു.
ഡെങ്കി പരത്തുന്ന ഈഡിസ് കൊതുകുകള്‍ ദിവസങ്ങളോളം വീടിനുള്ളില്‍ ജീവിക്കാൻ കഴിയുന്നവയാണ്. വീടോ ഓഫീസോ ആകട്ടെ, രോഗിയില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാൻ ഇത് കാരണമാകും. കേരളം താരതമ്യേന ജനസാന്ദ്രതയുള്ള സംസ്ഥാനമായതിനാല്‍ കൊതുകുകള്‍ക്ക് വൈറസ് പരത്താൻ എളുപ്പമാണ്.
രോഗം വരാതിരിക്കാൻ കൊതുകിനെ തുരത്തുകയെന്നതാണ് പ്രധാനം. ഇടയ്ക്കിടെ മഴ പെയ്യുന്ന് ഇവ പെരുകാൻ കാരണമാകും. ചുറ്റുപാടുകള്‍ ശുചീകരിച്ചും വീട്ടില്‍ നിന്ന് ശരിയായ മാലിന്യ സംസ്കരണ രീതികള്‍ പാലിച്ചും വെള്ളക്കെട്ട് ഒഴിവാക്കണം.