മാക്കൂട്ടം ചുരം പാതയിൽ യുവതിയെ കൊന്ന് ട്രോളി ബാഗിൽ തള്ളിയ കേസിന്റെ അന്വേഷണം വഴിമുട്ടുന്നു

ഇരിട്ടി: മാക്കൂട്ടം ചുരം പാതയിൽ ട്രോളി ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം കഴിഞ്ഞ രണ്ടാഴ്ച്ചയായി നടത്തിയ അന്വേഷണത്തിൽ തിരിച്ചറിയാനാവാതെ പൊലിസ് സംഘം. നിലവിൽ കർണാടക കേന്ദ്രികരിച്ചാണ് വീരാജ്പേട്ട പൊലിസ് അന്വേഷണം നടത്തി വരുന്നത്.
കഴിഞ്ഞ സെപ്തംബർ 18 നാണ് കേരള – കർണാടക അന്തർസംസ്ഥാന പാതയായ മാക്കൂട്ടം ചുരം റോഡിലെ പനമ്പാടി വനമേഖലയിലെ താഴ്ച്ചയിൽ കണ്ടെത്തിയത്. മൂന്ന് അമേരിക്കൻ നീലട്രോളി ബാഗിൽ കഷ്ണം കഷ്ണമാക്കി അറുത്തു മുറിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് രണ്ടാഴ്ച്ചയിലേറെക്കാലത്തെ പഴക്കമുണ്ടായിരുത്തും കടുത്ത ദുർഗന്ധം വമിക്കുന്ന മൃതദേഹം വനം വകുപ്പിന്റെ കീഴിൽ വനമേഖലയിൽ നിന്നും പ്ളാസ്റ്റിക്ക് ശേഖരിച്ചു മാറ്റുന്ന ഹരിത കർമ്മ സേനാംഗങ്ങളാണ് കണ്ടെത്തിയത്.
ഇവർ വിവരമറിയിച്ചതിനെ തുടർന്ന് വീരാജ്പേട്ട പൊലിസും വനം വകുപ്പും സ്ഥലത്തെത്തി മൃതദേഹം മടിക്കേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. തുടക്കത്തിൽ കണ്ണവത്തു നിന്നും കാണാതായ 31 വയസുകാരിയെയും മടിക്കേരിയിൽ നിന്നും കാണാതായ അഞ്ചുപേരെയും കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയെങ്കിലും ഇവരൊന്നുമല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു ഇതിനു ശേഷം മൃതദേഹത്തിൽ നിന്നും കണ്ടെത്തിയ ചൂരിദാറിന്റെ ദൃശ്യവും തലമുടിയുടെ സാമ്പിളും പൊലീസ് പുറത്തുവിട്ടെങ്കിലും കൊല്ലപെട്ട യുവതി യാരാണെന്ന വിവരം ലഭിച്ചില്ല.
രണ്ടാഴ്ച്ച കാലത്ത സി.സി.ടി.വി ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചതിൽ നിന്നും ഒരു ഇന്നോവ കാറിന്റെ ദൃശ്യം പൊലീസ് പുറത്തുവിട്ടുവെങ്കിലും അതിന്റെ നമ്പർ വ്യാജമാണെന്ന് തിരിച്ചറിയുകയായിരുന്നു. ഇതോടെയാണ് വിരാജ്പേട്ട സി.ഐ യുടെ നേതൃത്വത്തിൽ നടത്തിവരുന്ന അന്വേഷണം വഴി മുട്ടിയത്. നിലവിൽ മൂന്ന് സ്ക്വാഡുകളായാണ് പൊലിസ് അന്വേഷണം നടത്തിവരുന്നത്.
യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയതിനു ശേഷം മാക്കൂട്ടം ചുരം പാതയിൽ കൊണ്ടുവന്നു തള്ളിയതാണെന്ന ഫസ്റ്റ് ഇൻഫർമേഷർ റിപ്പോർട്ട് കോടതിയിൽ സമർപിച്ചിട്ടുണ്ടെങ്കിലും ഇതിനു പിന്നിൽ പ്രവർത്തിച്ചതാരാണെന്ന് കണ്ടെത്തണമെങ്കിൽ കൊല്ലപ്പെട്ട യുവതി യാരാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.