അധ്യാപക വിദ്യാഭ്യാസത്തിനുള്ള കുറഞ്ഞ യോഗ്യത ബിരുദം; ഡി.എൽ.എഡ്., ബി.എഡ്. കോഴ്‌സുകൾ ഒഴിവാക്കും

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കാരത്തിനുപുറമേ, സംസ്ഥാനത്തെ അധ്യാപക വിദ്യാഭ്യാസവും അടിമുടിമാറും. കേന്ദ്രനിർദേശം പാലിച്ച്, അധ്യാപകരാവാനുള്ള മിനിമംയോഗ്യത ബിരുദമാക്കും. അധ്യാപകബിരുദ പ്രവേശത്തിന് കേരളത്തിൽ പ്രത്യേകം അഭിരുചിപ്പരീക്ഷയും ഏർപ്പെടുത്തും.
അധ്യാപകവൃത്തിയിൽ താത്പര്യമുള്ളവരാണ് വരുന്നതെന്ന് ഉറപ്പാക്കാനാണിത്.ഇപ്പോഴുള്ള ഡി.എൽ.എഡ്., ബി.എഡ്. കോഴ്‌സുകൾ ഒഴിവാക്കി സംയോജിതബിരുദം നടപ്പാക്കാനാണ് പദ്ധതി. ഇതിലേക്കുള്ള പ്രവേശനത്തിനാണ് അഭിരുചി പരിശോധിക്കപ്പെടുക.ഇങ്ങനെയുള്ള ശുപാർശകളുമായി അധ്യാപകവിദ്യാഭ്യാസം സംബന്ധിച്ച റിപ്പോർട്ട് എസ്.സി.ഇ.ആർ.ടി. ഉടൻ സർക്കാരിനു സമർപ്പിക്കും.
അധ്യാപകബിരുദം നാലുവർഷ കോഴ്‌സാക്കി സംയോജിത അധ്യാപക വിദ്യാഭ്യാസപരിപാടി നടപ്പാക്കാനാണ് കേന്ദ്രനിർദേശം. സ്കൂൾ വിദ്യാഭ്യാസം 5+3+3+4 എന്ന ഘടനയിലാക്കണമെന്നും നിർദേശമുണ്ട്. കേന്ദ്രഘടന കേരളം സ്വീകരിച്ചിട്ടില്ല.
അതിനാൽ, പ്രീ-സ്കൂൾമുതൽ ഹയർ സെക്കൻഡറിവരെ മൂന്നുവിഭാഗങ്ങളായി തിരിച്ചുള്ള അധ്യാപകബിരുദ കോഴ്‌സുകളാവും നടപ്പാക്കുക. പ്രത്യേക അഭിരുചിപ്പരീക്ഷ നടത്തി കോഴ്‌സുകളിൽ പ്രവേശനം നടത്തും.