ഗാന്ധിജിയെ ‘വരച്ച്’ ജയിലിൽ; പ്രതിമ നിർമിച്ച് പ്രായശ്ചിത്തം

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിന് മുന്നിൽ തടവുകാരൻ നിർമിച്ച ഗാന്ധിപ്രതിമയ്ക്ക് വയസ്സ് 63. കള്ളനോട്ട് കേസിൽ പിടിയിലായി ശിക്ഷിക്കപ്പെട്ട മട്ടാഞ്ചേരി സ്വദേശി ഫ്രാൻസിസ് സേവ്യറാണ് ജയിലിന് മുന്നിൽ ദേശീയപാതയുടെ ഓരംചേർന്ന് ഈ പ്രതിമ നിർമിച്ചത്. തുടർന്ന് ഇങ്ങോട്ട് സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ഗാന്ധിജയന്തി എന്നീ ദിവസങ്ങളിൽ ഗാന്ധിപ്രതിമ വൃത്തിയാക്കി പെയിന്റടിച്ച് ഭംഗിയാക്കാറുണ്ട്.
ജയിൽ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ തടവുകാർ തന്നെയാണ് പ്രതിമ പരിപാലിക്കുന്നത്. സംസ്ഥാനത്തെതന്നെ മികച്ച ഗാന്ധിപ്രതിമകളിലൊന്നാണ് കണ്ണൂർ സെൻട്രൽ ജയിലിലെ മുന്നിലേത്.
കള്ളനോട്ടിൽ ഗാന്ധിച്ചിത്രം വരച്ചയാൾ
സെൻട്രൽ ജയിലിലെ ഗാന്ധിപ്രതിമയുടെ നിർമാണം പ്രത്യേകതകളുള്ളതും കൗതുകംനിറഞ്ഞതുമാണ്. 1957-ൽ മട്ടാഞ്ചേരിലെ കള്ളനോട്ട് കേസിലാണ് ഫ്രാൻസിസ് സേവ്യറെ പോലീസ് പിടിച്ചത്. കള്ളനോട്ട് അടിക്കാൻ ഗാന്ധിജിയുടെ ചിത്രം വരച്ചുകൊടുക്കുന്ന ചുമതലയായിരുന്നു ഫ്രാൻസിസ് സേവ്യറിന്. ഈ കേസിലാണ് അറസ്റ്റിലായത്.
കോടതി നാലുവർഷത്തെ തടവുശിക്ഷ വിധിച്ച് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു. ഇതിനിടയിൽ, ജയിൽമുറ്റത്ത് ഗാന്ധിപ്രതിമ നിർമിക്കാൻ ജയിൽ അധികൃതർ തീരുമാനിച്ചു. ജില്ലയ്ക്കകത്തും പുറത്തുമുള്ള അനേകം ശില്പികളെയും ചിത്രകാരൻമാരെയും വിളിച്ചുവരുത്തിയെങ്കിലും ജയിൽ അധികൃതർ ആഗ്രഹിച്ച രീതിയിൽ ഗാന്ധിജിയുടെ രൂപവും മുഖവും തെളിഞ്ഞില്ല.
ഇതിനിടയിലാണ് തടവുകാരനായ ഫ്രാൻസിസ് സേവ്യറോട് ഗാന്ധിജിയുടെ ചിത്രം വരയ്ക്കാൻ ചീഫ് ജയിലർ എം. വിശ്വനാഥൻ ആവശ്യപ്പെടുന്നത്. ഒരാഴ്ചകൊണ്ട് ഗാന്ധിജിയുടെ മുഖവും രൂപവും സേവ്യർ കൃത്യമായി വരച്ചുനൽകി. തുടർന്ന് പ്രതിമനിർമാണവും അദ്ദേഹത്തെ ഏൽപ്പിച്ചു. ആറുമാസംകൊണ്ട് നിർമാണം പൂർത്തിയാക്കി. 1960 മേയ് ഏഴിന് രാവിലെ 10-ന് പ്രതിമ അനാവരണം ചെയ്തു.
എന്നാൽ ആ ചടങ്ങിന് ശില്പിയുണ്ടായിരുന്നില്ല. ചടങ്ങ് നടന്നശേഷം എല്ലാവരും കണ്ടത് അദ്ദേഹം ജയിൽമുറ്റത്ത് കുഴഞ്ഞുവീണ് മരിച്ചുകിടക്കുന്നതാണ്.