എഴുപത്തിഅഞ്ചാം വയസിലും പരമ്പരാഗത തൊഴിൽ കൈവിടാതെ നാരായണി: ശ്രീകോവിലുകൾക്ക് വേണം തോട്ടിച്ചാലിന്റെ ചൂതുചൂൽ

കണ്ണൂർ: ക്ഷേത്ര ശ്രീകോവിലുകളും തറവാട് പൂജാമുറികളും തെയ്യത്തറകളും ശുചീകരിക്കാൻ നിർബന്ധമാണ് ചൂതുചൂൽ. വടക്കൻ കേരളത്തിൽ ഒഴിച്ചുകൂടാൻ ആവാത്തത് . എന്നാൽ ഇവിടെ ചൂതുചൂലുകൾ നിർമ്മിക്കുന്ന ചുരുക്കം പേരുള്ളതിനാലാണ് ഈ നിഷ്ഠ ഇപ്പോൾ നിലനിൽക്കുന്നത്.
കരിവെള്ളൂർ തോട്ടിച്ചാലിൽ ഒന്നോ രണ്ടോകുടുംബങ്ങളാണ് ചൂതുചൂൽ നിർമ്മിക്കുന്നത്. കരിവെള്ളൂർ കുണിയൻ തോട്ടിച്ചാലിലെ എഴുപത്തിയഞ്ചുകാരിയായ കിഴക്കേവീട്ടിൽ നാരായണി ഇവരിൽ ഒരാളാണ്. ഒഴിവാക്കാൻ പറ്റാത്തതായതിനാൽ ചൂതുചൂൽ തേടി ആളുകൾ എത്താറുമുണ്ട്. നാലാം വയസ്സിൽ ചൂത് കെട്ടാൻ തുടങ്ങിയതാണ് ഇവർ. മക്കളായ രജിതയും ലീലയും ഇന്ന് അമ്മയ്ക്ക് കൂട്ടായുണ്ട്.
വലിയ അദ്ധ്വാനമുണ്ടെങ്കിലും ഒരു ചൂലിന് 250 രൂപയാണ് പ്രതിഫലം. വലിയ അദ്ധ്വാനമുണ്ടെങ്കിലും ഇതിലും അധികം എങ്ങനെ വാങ്ങുമെന്നാണ് നാരായണിയുടെ നിഷ്കളങ്കമായ മറുപടി.കരിവെള്ളൂർ കുണിയൻ, തലിച്ചാലം, പാടി വയലുകളിൽനിന്നാണ് ഇവർ ചൂത് ശേഖരിക്കുന്നത്.വയലുകളിൽനിന്ന് ഒരടിയോളം വലുപ്പമുള്ള ചൂതുകൾ പറിച്ചെടുത്ത് ഉണക്കിയതിനു ശേഷം നാല് ദിവസം വെള്ളത്തിൽ കുതിർത്ത് ഞെട്ടും പോളയും കളഞ്ഞ് വീണ്ടും ഉണക്കണം.
ഉണങ്ങിയ ചൂതുകൾ കയർകൊണ്ട് മെടഞ്ഞാണ് ചൂല് കെട്ടുന്നത്. അദ്ധ്വാനത്തിന് അനുസരിച്ച് വരുമാനമില്ലെങ്കിലും പാരമ്പര്യത്തിന്റെയും ഗ്രാമീണ സംസ്‌കാരത്തിന്റെയും അടയാളമായ ഈ തൊഴിൽ ഉപേക്ഷിക്കാൻ ഇവർ തയ്യാറല്ല.പാരമ്പര്യ കൈത്തൊഴിലിനെ നിലനിർത്താൻ സർക്കാർ സഹായിക്കണമെന്നാണ് ഇവരുടെ ആവശ്യം.
എളുപ്പവഴിയില്ല ചൂതുചൂൽ നിർമ്മാണത്തിന്നിർമ്മാണത്തിനാവശ്യമായ ചൂത് ലഭിക്കാത്തതാണ് ഇവർ നേരിടുന്ന പ്രശ്നം. വയലുകളിലും പാറപ്രദേശത്തുമാണ് ചൂത് ഉണ്ടാവാറ്. ആദ്യം ചൂതുചെടി തണ്ടോടെ പിഴുതെടുക്കും. വേര് ഭാഗത്തെ മണ്ണ് നീക്കി, ഒരേ നീളത്തിൽ മുറിച്ചെടുത്തു വെയിലിൽ ഉണക്കി ഒരു കൈ വണ്ണത്തിൽ കെട്ടി ചൂലുകളുണ്ടാകും.
മുമ്പ് ചൂത് ചെടി തേടി നടന്നു പറിച്ചെടുത്തു എത്തിച്ചു നൽകുന്നുവരുണ്ടായിരുന്നു. ഇന്ന് സ്വയം ഇറങ്ങി വേണം ചൂത് ശേഖരിക്കാൻ.ഒരുപാട് അദ്ധ്വാനവും സമയവും വേണ്ട ജോലിയാണ് ചൂത്ചൂൽ നിർമ്മാണം. കാഴ്ചക്കാരിൽ കൗതുകമുണർത്തുന്ന വിധത്തിൽ പിൻഭാഗം ഭംഗിയായി മെടഞ്ഞുണ്ടാക്കണം.ഇന്ന് ചൂതു ചെടിയും കുറഞ്ഞു. ചൂതു ചൂൽ നിർമ്മാണവും കുറഞ്ഞു.