കണ്ണൂര്: കോര്പറേഷന്റെ ഉടമസ്ഥതയിലുള്ള മരക്കാര്കണ്ടി എസ്.സി ഫ്ലാറ്റ്, മരക്കാർക്കണ്ടി കണ്ടിജന്റ് ക്വാര്ട്ടേഴ്സ് എന്നിവിടങ്ങളില് നിലവില് ഒഴിഞ്ഞുകിടക്കുന്ന മുറികള് അര്ഹരായവരെ കണ്ടെത്തി അനുവദിച്ച് നൽകാൻ കൗണ്സില് യോഗത്തില് തീരുമാനം. പലരും ഇവിടെ താമസിക്കാതെ വാടകക്ക് കൊടുക്കുകയാണെന്ന് കൗൺസിലർമാർ ചുണ്ടിക്കാട്ടി.
ഇത്തരം താമസസ്ഥലങ്ങളിൽ മുറികള് അനുവദിക്കപ്പെട്ടവരില് പലരും ഇപ്പോള് താമസിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് വ്യാപക പരാതികള് ഉയര്ന്നിരുന്നതായും മേയര് ടി.ഒ മോഹനന് പറഞ്ഞു. വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോര്ട്ട് സമര്പ്പിക്കാന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. പരാതികള് ശരിവെക്കുന്നതാണ് റിപ്പോര്ട്ട്. ഇതേതുടർന്നാണ് അർഹതപ്പെട്ട ആളുകൾക്ക് മുറികൾ ലഭിക്കുന്നതിന് കോർപറേഷൻ തീരുമാനിച്ചത്.
പട്ടിക വര്ഗ, റവന്യൂ ഉദ്യോഗസ്ഥർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ, വാർഡ് കൗണ്സിലര് എന്നിവര് അടങ്ങുന്ന സമിതി പ്രദേശത്ത് പോയി പരിശോധിക്കാനും 10 ദിവസത്തിനകം റിപ്പോര്ട്ട് സമര്പ്പിക്കാനും നിര്ദേശിച്ചു. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടും സ്ഥലവുമില്ലാത്തവർക്ക് കൈമാറും.
എസ്.സി ഫ്ലാറ്റ് ഒന്നും രണ്ടും ലക്ഷം രൂപ സെക്യൂരിറ്റിയായി വാങ്ങിയാണ് വാടകക്ക് നല്കുന്നതെന്നും മുറികള് അനുവദിക്കപ്പെട്ട പലരും ഇപ്പോള് എസ്.സി, സുനാമി ഫ്ലാറ്റുകളില് താമസിക്കാതെ വാടകക്ക് നൽകിയിരിക്കുകയാണെന്നും ഇതിനെതിരെ നടപടി വേണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു..
പ്രതിപക്ഷ കൗൺസിലർമാർ വാര്ഡ് അലോട്ട്മെന്റ് ഫണ്ടിന് ആവശ്യപ്പെടുമ്പോള് സാമ്പത്തിക അപര്യാപ്തത പറഞ്ഞ് കൈയൊഴിയുകയാണെന്നും ചില വാർഡുകളിൽ തിരിച്ചുള്ള സമീപനമാണെന്നും എൽ.ഡി.എഫിലെ ടി. രവീന്ദ്രന് പറഞ്ഞു.
കോർപറേഷൻ ഡിവിഷനുകളില് കാടുവെട്ടുന്ന യന്ത്രം ഇല്ലാത്തതിനാല് പലയിടത്തും കാടുമൂടിയിരിക്കുകയാണെന്നും മണ്ണുമാന്തി യന്ത്രം ഇല്ലാത്തതിനാൽ ശുചീകരണത്തെ ബാധിക്കുന്നുവെന്നും കൗണ്സിലര്മാര് പറഞ്ഞു. ഒക്ടോബർ ഒന്നിന് ഓരോ ഡിവിഷനിലെയും പ്രധാനപ്പെട്ട രണ്ട് സ്ഥലങ്ങളിൽ ഒരുമണിക്കൂറും രണ്ടിന് മെഗാ ശുചീകരണവും നടത്തണമെന്നും മേയർ പറഞ്ഞു.
ഡെപ്യൂട്ടി മേയര് കെ. ഷബീന, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാരായ എം.പി. രാജേഷ്, പി. ഇന്ദിര, സിയാദ് തങ്ങള്, പി. ഷമീമ, സുരേഷ് ബാബു എളയാവൂര്, അംഗങ്ങളായ മുസ് ലിഹ് മഠത്തില്, എസ്. ഷഹീദ, കെ.പി. അബ്ദുല് റസാഖ്, കെ. പ്രദീപന്, പി.പി. വത്സലന് തുടങ്ങിയവർ സംസാരിച്ചു.