പ്രകൃതിവിരുദ്ധ പീഡനം; പ്രതിക്ക് 30 വർഷം തടവ്
തളിപ്പറമ്പ്: പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് മുപ്പത് വർഷം തടവും പിഴയും ശിക്ഷ വിധിച്ചു. ഏരുവേശിയിലെ പി. അജയകുമാറിനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്.
2020 ഫെബ്രുവരിയിൽ കുടിയാന്മല പൊലിസ് സ്റ്റേഷൻ പരിധിയിലാണ് കേസിന് ആസ്പദമായ സംഭവം. പണം നൽകി പ്രലോഭിപ്പിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനും ലൈംഗികാതിക്രമത്തിനും വിധേയമാക്കിയെന്നായിരുന്നു പരാതി. കുടിയാന്മല എസ്.ഐ ആയിരുന്ന ദിജേഷ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
മൂന്നു വകുപ്പുകളിലായി മുപ്പത് വർഷം തടവും ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.