രാമന്തളിയിൽ ഹെൽമെറ്റും മാക്സിയും ധരിച്ചെത്തിയവർ ബൈക്ക് കത്തിച്ചു

പയ്യന്നൂർ : ഹെൽമെറ്റ് ധരിച്ചെത്തിയ മൂവർസംഘം വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് കത്തിച്ചു. വാട്ടർ അതോറിറ്റിയുടെ ചെറുവത്തൂരിലെ ഓപ്പറേറ്റർ രാമന്തളി കുന്നരു വട്ടപ്പറമ്പ്ചാൽ 10 സെന്റിലെ എം.പി.ഷൈനേഷ് ഖാദറിന്റെതാണ് ബൈക്ക്. വെള്ളിയാഴ്ച പുലർച്ചെ 1.10-നാണ് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കിന് തീവെച്ചത്.
സംഘത്തിലൊരാൾ കുപ്പിയിൽ കൊണ്ടുവന്ന പെട്രോൾ ബൈക്കിന് മുകളിലൊഴിച്ച് തീപ്പെട്ടി കത്തിച്ച് തീകൊളുത്തുന്നതും തുടർന്ന് മൂന്നുപേർ ഓടിമറയുന്നതും വീട്ടിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
തീകൊളുത്തിയ ആൾ സ്ത്രീകളുപയോഗിക്കുന്ന തവിട്ടു നിറത്തിലുള്ള മാക്സിയും മറ്റു രണ്ടുപേർ സമാനരീതിയിലുള്ള കറുപ്പ് വസ്ത്രവുമാണ് ധരിച്ചിരുന്നത്. സംഭവമറിഞ്ഞ് എഴുന്നേറ്റ വീട്ടുകാർ വെള്ളമൊഴിച്ച് തീയണച്ചെങ്കിലും ബൈക്ക് കത്തിനശിച്ചു
പയ്യന്നൂർ പോലീസ് ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സ്ഥലസംബന്ധമായി അയൽവാസികളുമായി തർക്കം നിലനിൽക്കുന്നതായാണ് ഷൈനേഷ് പോലീസിന് നൽകിയ മൊഴി.