കാഞ്ഞിരപ്പുഴക്ക് കുറുകെ മടപ്പുരച്ചാലിലേക്ക് പാലം വേണമെന്നാവശ്യം

പേരാവൂർ: കാഞ്ഞിരപ്പുഴ കടന്ന് പേരാവൂരിലേക്ക് എത്താവുന്ന രീതിയിൽ പുഴക്കൽ മുത്തപ്പൻ ക്ഷേത്രത്തിന് മുന്നിലൂടെ പുതുശ്ശേരിറോഡും കൊട്ടംചുരം- മടപ്പുരച്ചാൽ വേളാങ്കണ്ണി പള്ളിയിലേക്കും ബന്ധിപ്പിക്കുന്ന വാഹനഗതാഗത സൗകര്യമുള്ള പാലം നിർമിക്കണമെന്ന് ആവശ്യം.
നാട്ടുകാരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യത്തിന് നേരെ അധികൃതർ കണ്ണടക്കുന്നുവെന്നാണ് പ്രദേശവാസികളുടെ ആരോപണം. 25 വർഷം മുമ്പ് കൊട്ടിയൂർ ദേവസ്വവും സർക്കാരും സംയുക്തമായി നിർമിച്ച നിലവിലെ നടപ്പാലം കാലവർഷക്കെടുതികൾ മൂലം അപകടാവസ്ഥയിലാണ്. ഈ നടപ്പാലം പൊളിച്ച് വാഹനങ്ങൾ പോകുന്ന രീതിയിലുള്ള വലിയ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് വിവിധ ഓഫീസുകൾ കയറിയിറങ്ങുകയാണ് പ്രദേശവാസികൾ.
ഓരോ തവണ നിവേദനങ്ങൾ കൊടുക്കുമ്പോഴും ഫണ്ടിന്റെ ലഭ്യത കുറവ് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് അധികൃതരെന്ന് നാട്ടുകാർ പറയുന്നു. പേരാവൂർ പഞ്ചായത്തിന്റെ മുരിങ്ങോടി,പുതുശ്ശേരി വാർഡുകളെയും മണത്തണ, മടപ്പുരച്ചാൽ, വളയങ്ങാട് വാർഡുകളെയും ബന്ധിപ്പിക്കുന്ന രീതിയിൽ കാഞ്ഞിരപ്പുഴയ്ക്ക് പാലം നിർമ്മിക്കുകയാണെങ്കിൽ പ്രദേശവാസികൾക്ക് യാത്രാ ദുരിതം തീരും.
പാലം യാഥാർഥ്യമായാൽ മുരിങ്ങോടി, നമ്പിയോട് പ്രദേശവാസികൾക്ക് പുഴക്കൽ മടപ്പുര ക്ഷേത്രത്തിലേക്കും മണത്തണ, മടപ്പുരച്ചാൽ, കൊട്ടംചുരം പ്രദേശത്തേക്കും എത്തിച്ചേരാൻ കിലോമീറ്ററോളം ലാഭിക്കാം. ക്ഷേത്ര നഗരമായ മണത്തണയും പുരളിമലയെയും ബന്ധിപ്പിക്കുന്ന ടൂറിസം പാതയായും ഇത് ഉപയോഗിക്കാം. ഇക്കാര്യമാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ദേവസ്വം വകുപ്പ് മന്ത്രിക്കും നിവേദനം നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ.