സ്വകാര്യചികിത്സയും ട്യൂഷനും; ഡോക്ടർമാരും അധ്യാപകരും വിജിലൻസ് നിരീക്ഷണത്തിൽ
കണ്ണൂർ : സർക്കാർ ആസ്പത്രികളിലെ ഡോക്ടർമാരുടെ സ്വകാര്യചികിത്സയും ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർ നടത്തുന്ന സ്വകാര്യ ട്യൂഷനും നിരീക്ഷിക്കാൻ വിജിലൻസ് വകുപ്പ്. ഇത്തരത്തിലുള്ള സർക്കാർ ഡോക്ടർമാരുടെയും അധ്യാപകരുടെയും പട്ടിക തയ്യാറാക്കുന്നുണ്ട്.
സർക്കാർ ആസ്പത്രിയിലെ ഡോക്ടർമാർ ക്ലിനിക്കുകൾ ഉണ്ടാക്കി സ്വകാര്യ പരിശോധന നടത്തുന്നതായി പരാതിയുയരുന്ന സാഹചര്യത്തിലാണിത്. കണ്ണൂരിലെയും തലശ്ശേരിയിലെയും ഡോക്ടർമാർ പട്ടികയിലുണ്ടെന്നാണ് വിവരം.
പരാതികൾ ഉയർന്നപ്പോൾ :ജില്ലാ ആസ്പത്രിയിലെയും താലൂക്ക് ആസ്പത്രികളിലെയും ചില ഡോക്ടർമാർ ശസ്ത്രക്രിയയ്ക്ക് പണം ആവശ്യപ്പെടുന്നതായുള്ള പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് നിരീക്ഷണം ശക്തമാക്കാൻ വിജിലൻസിന്റെ തീരുമാനം. പരാതിക്കാർ ഏറെയുണ്ടെങ്കിലും പലരും രേഖാമൂലം മുന്നോട്ടുവരുന്നില്ലെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നു. ചികിത്സയിലിരിക്കുന്ന രോഗിയോട് പിന്നീട് ഡോക്ടർമാർ അവഗണന കാണിക്കുമോയെന്ന ആശങ്കയിലാണ് പലരും പരാതിയുമായി എത്താത്തതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ഡോക്ടർമാരുടെ വീടിനടുത്തുള്ള പ്രദേശത്ത് മിനിമം സൗകര്യത്തിൽ സ്വകാര്യ ചികിത്സ നിബന്ധനകളോടെ അനുവദിക്കുന്നുണ്ട്. പേരുവെച്ചുള്ള ബോർഡ് ഉപയോഗിക്കരുത്. ജീവനക്കാരെയോ നഴ്സുമാരെയോ നിയമിക്കരുതെന്നും രോഗനിർണയം നടത്താനുള്ള കുറഞ്ഞ ഉപകരണം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നുമാണ് സർക്കാർ ചട്ടം.
എന്നാൽ, സർക്കാർ ഉത്തരവ് മറയാക്കി ചിലർ ആധുനികരീതിയിലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് വൻതുക ഫീസ് വാങ്ങി സ്വകാര്യചികിത്സ നടത്തുന്നു എന്നാണ് ആരോപണം ഉയരുന്നത്. സ്വകാര്യചികിത്സ നടത്തുന്ന ഡോക്ടർമാർക്കെതിരെ വരുന്ന പരാതികൾ ഡി.എം.ഒ., ജില്ലാ പോലീസ് മേധാവി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരടങ്ങിയ കമ്മിറ്റിയാണ് അന്വേഷിക്കേണ്ടത്.
അവധി ദിവസവും
സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലെ അധ്യാപകർ നടത്തുന്ന സ്വകാര്യ ട്യൂഷനും വിജിലൻസ് നിരീക്ഷണത്തിലാണ്. കഴിഞ്ഞമാസം പയ്യന്നൂരിൽ ഇത്തരത്തിൽ ട്യൂഷൻ നൽകിയ അധ്യാപികയെ വിജിലൻസ് പിടിച്ചിരുന്നു. ചില അധ്യാപകർ അവധിദിവസം വിദ്യാർഥികളുടെ വീടുകളിലെത്തിയാണ് ട്യൂഷൻ നൽകുന്നത്. ഓരോ ക്ലാസിനും വൻ തുകയാണ് ഇവർ കൈപ്പറ്റുന്നത്. ഓരോ വിഷയത്തിനും പ്രത്യേകം നിരക്കാണ് ഈടാക്കുന്നത്.
