നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങളുടെ ഉപയോഗം തടയാൻ കര്‍ശന നടപടികളുമായി കണ്ണൂര്‍ കോര്‍പറേഷൻ

Share our post

കണ്ണൂര്‍: പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങളോട് ഇനി മുതല്‍ ബൈ പറയാം. നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപയോഗം തടയാൻ കര്‍ശന നടപടികളുമായി കോര്‍പറേഷൻ. പ്ലാസ്റ്റിക് ഉപയോഗം തടയാൻ സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ടെങ്കിലും ഉത്തരവ് കൃത്യമായി പാലിക്കപ്പെടുന്നില്ലന്ന് കണ്ടത്തിയതോടെ കൂടുതല്‍ കര്‍ശന നടപടിയെടുക്കാൻ ഒരുങ്ങുകയാണ് കോര്‍പറേഷൻ അധികാരികള്‍.

നിരോധിച്ച ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുകയോ വില്‍ക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പറേഷൻ സെക്രട്ടറി അറിയിച്ചു.

കോര്‍പറേഷന്‍ പരിധിയിലെ മിക്ക സ്ഥാപനങ്ങളിലും നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ എന്നിവ ഉപയോഗിച്ച്‌ വരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരം ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളില്‍നിന്ന് പിഴ ഈടാക്കുകയും പ്രോസിക്യൂഷന്‍ നടപടികളോടൊപ്പം ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികളും സ്വീകരിക്കും. പ്ലാസ്റ്റിക് കാരി ബാഗുകള്‍, കപ്പുകള്‍, പ്ലാസ്റ്റിക് ഗ്ലാസുകള്‍, പ്ലാസ്റ്റിക് ഗാര്‍ബേജ് ബാഗുകള്‍, തെര്‍മോകോള്‍ പ്ലേറ്റുകള്‍ തുടങ്ങിയവയാണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്.

രണ്ടു മാസത്തിനകം കിലോക്കണക്കിന് നിരോധിത പ്ലാസ്റ്റിക് വസ്തുക്കളാണ് കോര്‍പറേഷൻ പരിധിയില്‍ നിന്ന് പിടികൂടിയത്. ഒട്ടനവധി സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും ചെയ്തു. വടകരയിലെ സ്ഥാപനത്തില്‍നിന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേക്ക് വിതരണത്തിന് കൊണ്ടുവന്ന 400 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വാഹനം പിന്തുടര്‍ന്ന് പൊലീസ് സഹായത്തോടെയാണ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഈയിടെ പിടിച്ചെടുത്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!