പ്രവാചക പിറവിയുടെ പുണ്യസ്മരണകൾ ഉയർത്തി ഇന്ന് നബിദിനം

Share our post

ഇന്ന് നബിദിനം. ഹിജ്റ വർഷപ്രകാരം റബ്ബിഉൽ അവ്വൽ മാസം പന്ത്രണ്ടിനാണ് പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം. വിപുലമായ ആഘോഷത്തോടെ വിശ്വാസികൾ നബിദിനത്തെ വരവേൽക്കുന്നത്. സംസ്ഥാനത്ത് പള്ളികളും മദ്രസകളും കേന്ദ്രീകരിച്ചാണ് ആഘോഷങ്ങൾ.

പ്രവാചക പിറവിയുടെ പുണ്യസ്മരണകൾ ഉയർത്തുന്നതാണ് നബിദിനത്തിന്റെ ആഘോഷങ്ങൾ. പ്രവാചകന്റെ ചരിത്രവും ജീവിതവും നെഞ്ചേറ്റുന്ന വിശ്വാസികൾ പാടിയും പറഞ്ഞും ഈ ദിനത്തിൽ ആത്മീയ സംതൃപ്തി നേടും.

പ്രവാചകന്റെ മദ്ഹുകള്‍ പാടിയും പറഞ്ഞും വിശ്വാസികള്‍ അതിരറ്റ് സന്തോഷിക്കുന്ന രാപകല്‍. ദഫിന്റേയും അറബനയുടേയും താളത്തില്‍ അലതല്ലുന്ന പ്രവാചക പ്രേമത്തിന്റെ ആഹ്ലാദം. ഇന്നത്തെ ദിനം മിഴിതുറന്നത് പ്രവാചക കീര്‍ത്തനങ്ങളുടെ ആരവങ്ങളോടെയാണ്. പ്രഭാത നിസ്‌കാരത്തിന് തൊട്ടു മുമ്പാണ് മുഹമ്മദ് നബി (സ)യുടെ ജന്മസമയം. മസ്ജിദുകളും മത സ്ഥാപനങ്ങളും ഈ സമയം മൗലിദ് സദസ്സുകളാല്‍ മുഖരിതമാണ്. ശേഷം ഭക്ഷണം, മധുര പാനീയങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നു. നബിദിനത്തോടനുബന്ധിച്ച്‌ വൈവിധ്യമാര്‍ന്ന പരിപാടികളാണ് വിവിധ മുസ്ലിം സംഘടനകളും പള്ളി- മദ്രസാ കമ്മിറ്റികളും ആസൂത്രണം ചെയ്തിരിക്കുന്നത്. മദ്രസകളില്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികളും ഘോഷയാത്രകളും ഈ സുദിനത്തിന് മാറ്റ് കൂട്ടും.

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ പരമാവധി ജീവിതത്തിൽ പകർത്താനുള്ള പ്രതിജ്ഞയെടുത്താണ് ഓരോ വിശ്വാസികളുടെയും നബി ദിനാഘോഷം. ഏവർക്കും ന്യൂസ് ഹണ്ട് ഓൺലൈനിൻ്റെ നബിദിനാശംസകൾ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!