സമാധാനം അകലെ; നീതി പ്രതീക്ഷിക്കേണ്ടത് ആരില്‍ നിന്ന് ? കണ്ണൂരിലെത്തിയ മണിപ്പുര്‍ വിദ്യാര്‍ഥികള്‍

കണ്ണൂർ: “മണിപ്പുർ പോലീസാണ് ആ സ്ത്രീകളെ ആൾക്കൂട്ടത്തിന് എറിഞ്ഞുനൽകിയത്, ആരിൽനിന്നാണ് ഞങ്ങൾ നീതി പ്രതീക്ഷിക്കേണ്ടത്? കലാപത്തിനെതിരെ കൈയുംകെട്ടി മിണ്ടാതെനിൽക്കുന്ന സർക്കാരുകളിൽനിന്നോ, അതോ പോലീസിൽനിന്നോ? മണിപ്പുരിൽനിന്ന് കണ്ണൂർ സർവകലാശാലയിലെത്തിയ വിദ്യാർഥികൾ സർവകലാശാല കാമ്പസിലെ ഗാന്ധി പ്രതിമയ്ക്കുമുന്നിൽനിന്ന് ചോദിച്ചു.
സെപ്റ്റംബർ 19-ന് സർവകലാശാലയിലെത്തിയ 21 മണിപ്പുർ വിദ്യാർഥികളിൽ എല്ലാവരും അവരവരുടെ കോഴ്സുകൾക്കനുസരിച്ച് കണ്ണൂരിലെ വിവിധ കോളേജുകളിലേക്ക് മാറി. ഇനിയും വിദ്യാർഥികൾ എത്താനുണ്ടെന്ന് അധികൃതർ പറഞ്ഞു.
ഓർക്കാനാകുന്നില്ല ആ ദിവസങ്ങൾ
’മണിപ്പുരിൽ കലാപം പൊട്ടിപ്പുറപ്പെട്ട ദിവസം ഞങ്ങൾ എല്ലാവരും അവിടെയുണ്ട്. അവർ ഞങ്ങളുടെ വീടുകൾ ചുട്ടെരിച്ചു, ഇംഫാലിൽനിന്ന് നൂറുശതമാനം കുക്കികൾക്കും ചുരാചന്ദ്പുർ, കങ്പോക്പി തുടങ്ങിയ മലയോര ജില്ലകളിലേക്ക് പലായനം ചെയ്യേണ്ടി വന്നു. എന്നാൽ അവർക്കോ (മെയ്ത്തെയ്)? ഒരു പ്രശ്നവുമില്ല, അവരുടെ ജീവിതങ്ങൾ ഇംഫാലിൽ ഒരുപ്രയാസവുമില്ലാതെ തുടരുന്നു’, എം.എ. ഇംഗ്ളീഷ് വിദ്യാർഥിനി മോമോയ് കൊങ്സായ് പറയുന്നു.
മണിപ്പുരിലെ മുൻമന്ത്രി ഹൊൽഖോലെത് കൊങ്സായിയുടെ മകളാണ് മോമോയ്. മേയ് മൂന്നിന് തുടങ്ങിയ ആഭ്യന്തരകലാപം 150 ദിവസമാകുകയാണ്. സംസ്ഥാനത്ത് ഇപ്പോഴും കലാപ അന്തരീക്ഷം തുടരുകയാണെന്ന് വിദ്യാർഥികൾ പറയുന്നു.
“കലാപമേഖലകളിൽനിന്ന് ഇന്ത്യൻ ആർമിയുടെ ക്യാമ്പുകളിലേക്ക് ജീവൻ കൈയിൽപിടിച്ചുകൊണ്ടാണ് ഞങ്ങൾ മാറിയത്. മൂന്നൂറിലധികം കിലോമീറ്ററുകൾ താണ്ടി മിസോറം തലസ്ഥാനത്ത് എത്തിയാണ് കേരളത്തിലേക്ക് യാത്ര തുടങ്ങിയത്. ഇവിടെ ഞങ്ങൾക്ക് സന്തോഷമാണ് ’’ കേരളത്തിൽ പഠിക്കാൻ അവസരം തന്നതിന് നന്ദിയും കടപ്പാടും സ്നേഹവുമുണ്ടെന്ന് സംസാരത്തിലുടനീളം ഇവർ പറഞ്ഞു.
‘അവർ ഞങ്ങളുടെ പുസ്തകങ്ങൾ കത്തിച്ചു. സർട്ടിഫിക്കറ്റുകളും ഡിജിറ്റലായി കൈവശമുണ്ടായിരുന്ന രേഖകളും മാത്രമാണ് ഇപ്പോഴുള്ളത്- പി.എച്ച്.ഡി. ബയോടെക്നോളജി വിദ്യാർഥിനി ലുൻഖോലം കിപ്ഗെൻ പറയുന്നു.
കണ്ണൂർ സർവകലാശാല അധികൃതർ ഇവരിൽനിന്നും സർട്ടിഫിക്കറ്റുകൾ ഒന്നുതന്നെ ആവശ്യപ്പെട്ടിട്ടില്ല. കോഴ്സ് പൂർത്തിയാക്കുന്നതിന് മുൻപായി നിലവിലെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കിയാൽ മതിയെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.
കലാപ സാഹചര്യത്തിൽ മണിപ്പൂർ വിദ്യാർഥികൾക്ക് ഉപരിപഠനം സാധ്യമാക്കുന്നതിന് പ്രത്യേകം സീറ്റുകൾ അനുവദിക്കാൻ ജൂലായ് ഏഴിന് ചേർന്ന സർവകലാശാല അടിയന്തിര സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ കണ്ണുരിലെത്തിയത്.
‘കേരളം’ വിടർത്തുന്ന പുഞ്ചിരി
മണിപ്പുരിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എല്ലാം വേദനയോടെയും പ്രയാസത്തോടെയും നിസ്സഹായതയോടെയുമാണ് അഭിമുഖീകരിച്ചതെങ്കിലും കേരളത്തെക്കുറിച്ചും കണ്ണൂരിനെക്കുറിച്ചുമുള്ള ചോദ്യങ്ങൾ വിദ്യാർഥികളുടെ മുഖങ്ങളിൽ പുഞ്ചിരി വിടർത്തി.
“ഇവിടെ ഞങ്ങൾക്ക് സന്തോഷമാണ്, അതിനേക്കാൾ ഇവിടെ സമാധാനമുണ്ട്, ഞങ്ങളുടെ നാടുപോലെ തന്നെയാണ് കാണാനൊക്കെ.. പയ്യാമ്പലത്തൊക്കെ പോയി, ബിയോടെക്നോളജിയിൽ ഗവേഷണം ചെയ്യാനെത്തിയ കിംഷി ലെയിനെകിം പറയുന്നു.
“ദക്ഷിണേന്ത്യൻ സിനിമകളൊക്കെ കാണാറുണ്ട്, മലയാളം സിനിമകൾ ഒരുപാടിഷ്ടമാണ്, മമ്മൂട്ടിയോടാണ് ഏറ്റവും ആരാധന തോന്നിയിട്ടുള്ളത്, രാജമൗലിയുടെ ‘ബാഹുബലി’യൊക്കെ കണ്ടിട്ടുണ്ട്, പറയുമ്പോൾ ഗോലുങ്ങ്മൻ ഹാഓകിപ് ഒരു മലയാളി ആയി മാറിയോ എന്ന് സംശയം. “ഞാൻ മാത്രമേ മലയാളമൊക്കെ കാണാറുള്ളു കേട്ടോ, ഇവരെല്ലാം കൊറിയൻ സിനിമകളുടെ ആളുകളാണ്”, മൻ പറയുമ്പോൾ എല്ലാവരും ഉച്ചത്തിൽ ചിരിക്കുന്നു, അവരുടെ നാട്ടിൽ കിട്ടാത്ത സന്തോഷവും സമാധാനവും അവർക്ക് ഇവിടെ നിന്ന് ലഭിക്കുന്നു.
“ഇവിടത്തുകാർ നല്ല മനുഷ്യരാണെന്നും സാഹോദര്യമൂല്യങ്ങളും മതേതര പാരമ്പര്യവുമെല്ലാം കാത്തുസൂക്ഷിക്കുന്നവരാണെന്നും മുൻപെല്ലാം നമ്മൾ കേട്ടിട്ടുണ്ട്, ഇപ്പോൾ അത് അനുഭവിക്കാനും കഴിഞ്ഞു.. എത്ര നന്ദി പറഞ്ഞാലും തീരില്ല” പറയുമ്പോൾ നിഖോഹത് ഖാഓകിപ് എന്ന പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയുടെ മിഴികൾ കണ്ണുനീർ തുള്ളികൾ മൂടി തിളങ്ങുന്നത് കാണാമായിരുന്നു.
മണിപ്പുരിലെ വിദ്യാർഥി സംഘടനകൾ, പ്രധാനമായും കുക്കി സ്റ്റുഡന്റ്റ് ഓർഗനൈസേഷൻ (കെ.എസ്.ഒ.) ആണ് വിദ്യാർഥികൾക്ക് സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്നതിന് മറ്റു സർവകലാശാലകളുമായി ബന്ധപ്പെട്ടത്. നിലവിൽ രാജ്യത്ത് കണ്ണൂർ സർവകലാശാല മാത്രമാണ് ഇത്തരമൊരു സഹായവുമായി മുന്നോട്ട് വന്നിട്ടുള്ളത്. അതേസമയം, മഹാരാഷ്ട്രയിലെ ചില സർവകലാശാലകളും സമാന സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് വിദ്യാർഥികൾ പറയുന്നു.