ആവില മാതാവിന് തിരുനാൾ; മയ്യഴിക്ക് ഇനി ഉത്സവ ലഹരി

മാഹി: നഗരസഭാ കാര്യാലയത്തിൽ നിന്നുള്ള സൈറണും, പള്ളിയിലെ കൂട്ടമണികളുടെ നാദവും, കീർത്തനാലാപനവും മുഴങ്ങവെ, നൂറു കണക്കിന് വിശ്വാസികൾക്കിടയിലേക്ക് മാഹി പള്ളി വികാരി ഫാദർ വിൻസന്റ് പുളിക്കൽ വിശുദ്ധ അമ്മ ത്രേസ്യാ പുണ്യവതിയുടെ അഭൗമ സൗന്ദര്യം വിഴിയുന്ന ദാരുശിൽപ്പം ഒക്ടോബർ അഞ്ചിന് ഉച്ചക്ക് 12 മണിക്ക് പൊതുദർശനത്തിന് വയ്ക്കും. ഇതോടെ 17 ദിവസങ്ങൾ നീണ്ടു നിൽക്കുന്ന തിരുനാൾ മഹോത്സവത്തിന് തുടക്കമാവും.
22 വരെ തുടരുന്ന മഹോത്സവത്തിന് അഞ്ചിന് രാവിലെ 11.30ന് കൊടിയേറ്റുമെന്ന് വികാരി ഫാദർ വിൻസന്റ് പളിക്കൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 10 ന് വൈകിട്ട് 6 മണിക്ക് ബംഗളൂരു അതിരൂപതാ മെത്രാൻ ഡോ: പീറ്റർ മച്ചാദോയും 14 ന് വൈകിട്ട് 6 മണിക്ക് സുൽത്താൻ പേട്ട രൂപത മെത്രാൻ ഡോ: ആന്റണി സാമി പീറ്റർ അബിറും കാർമ്മികത്വം വഹിക്കുന്ന സാഘോഷ ദിവ്യബലി നടക്കും.
തുടർന്ന് മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുള്ള നഗരപ്രദക്ഷിണവും ഉണ്ടായിരിക്കും.
തിരുനാൾ ദിനമായ 15ന് പുലർച്ചെ 2 മണി മുതൽ നടക്കുന്ന ശയനപ്രദക്ഷിണം പുലരുവോളം തുടരും. തുടർന്ന് രാവിലെ 10.30ന് കോഴിക്കോട് രൂപത മെത്രാൻ ഡോ. വർഗീസ് ചക്കാലക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ ചടങ്ങുകൾ നടക്കും.
വൈകിട്ട് 5 മണിക്ക് മേരി മാതാ കമ്മ്യൂണിറ്റി ഹാളിൽ സ്‌നേഹസംഗമം. തിരുനാൾ സമാപന ദിവസമായ 22ന് രാവിലെ 10.30 ന് സാഘോഷ ദിവ്യബലിക്കും നൊവേനക്കും ഫാദർ ശ്യാംകുമാർ കാർമ്മികത്വം വഹിക്കും.
അഞ്ച് മുതൽ 22 വരെയുള്ള ദിനങ്ങളിൽ വിവിധ ഭാഷകളിലും റീത്തുകളിലും സാഘോഷ ദിവ്യബലികളും പ്രദിക്ഷണവും ഉണ്ടായിരിക്കും.
പ്രധാന തിരുനാൾ ദിവസമായ 14,15 തീയതികളിൽ ചില എക്സ്പ്രസ് ട്രെയിനുകൾക്ക് മാഹിയിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. കൂടാതെ മാഹിയിലെത്തുന്ന തീർത്ഥാടകർക്കായി മാഹി മൈതാനിയിൽ വാഹനപാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. സഹവികാരി ഡിലു റാഫേൽ, രാജേഷ് ഡിസിൽവ, ഇ.എക്സ് അഗസ്റ്റിൻ, സ്റ്റാൻലി ഡിസിൽവ, ജോസ് പുളിക്കൽ, എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.