തൊഴിലുറപ്പ് ജോലിക്കിടെ മുങ്ങുന്നവരെ ഇനി പൊക്കും ; വേതനം തിരിച്ചുപിടിക്കും

Share our post

തൊഴിലുറപ്പ് ജോലിക്കിടെ മുങ്ങുന്ന തൊഴിലാളികളെ പൊക്കാനും ഇതിന് കൂട്ടുനില്‍ക്കുന്ന മേറ്റുമാരെ കരിമ്പട്ടികയില്‍ പെടുത്താനും സര്‍ക്കാര്‍ നിര്‍ദേശം. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുത്ത് ബത്ത വാങ്ങുന്ന ദിവസങ്ങളില്‍ തൊഴിലുറപ്പിലും ഹാജരിട്ട് വേതനം കൈപ്പറ്റുന്നതും വിലക്കി ഉത്തരവായി.

ഓഡിറ്റ് റിപ്പോര്‍ട്ടുകളിലും തൊഴിലുറപ്പ് ഓംബുഡ്സ്മാന്മാരുടെ അന്വേഷണ റിപ്പോര്‍ട്ടുകളിലും ഇക്കാര്യങ്ങള്‍ വലിയ ക്രമക്കേടായി ചൂണ്ടിക്കാണിച്ചതോടെയാണിത്. ഗ്രാമ, ബ്ലോക്ക്, മുനിസിപ്പാലിറ്റി, ജില്ല പഞ്ചായത്ത്, കോര്‍പറേഷൻ എന്നിവിടങ്ങളിലെ ജനപ്രതിനിധികള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് ജോലി ചെയ്യുന്നതിന് തടസ്സമില്ല.

എന്നാല്‍, ഹാജര്‍ രേഖപ്പെടുത്തിയശേഷം ജോലി ചെയ്യാതെ തദ്ദേശസ്ഥാപനങ്ങളുടെ ഭരണസമിതി യോഗത്തിലും മറ്റ് ഔദ്യോഗിക യോഗത്തിലും പങ്കെടുത്ത് ബത്ത വാങ്ങുന്നതാണ് തടഞ്ഞത്. ‘ഇരട്ട വേതനം’ എന്ന നിലക്കാണ് തദേശ വകുപ്പിന്റെ നടപടി. ഇങ്ങനെ രണ്ട് വേതനം കൈപ്പറ്റിയവരെക്കൊണ്ട് തൊഴിലുറപ്പിലെ കൂലി 18 ശതമാനം പലിശസഹിതം പദ്ധതിയുടെ അക്കൗണ്ടിലേക്ക് തിരിച്ചടപ്പിക്കാനും നിര്‍ദേശമുണ്ട്.

ജനപ്രതിനിധികള്‍ക്ക് ‘ഇരട്ട വേതനം’ ലഭിക്കാൻ ഒത്താശ ചെയ്ത ഉദ്യോഗസ്ഥരുടെ വീഴ്ച പരിശോധിക്കാൻ ബന്ധപ്പെട്ട മേലധികാരികളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. തൊഴിലുറപ്പ് പദ്ധതി മസ്റ്റര്‍ റോളില്‍ ഒപ്പിട്ട തൊഴിലാളികള്‍ മുഴുവൻ പ്രവൃത്തിസമയത്ത് ഹാജരുണ്ട് എന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥര്‍ ഫീൾഡ് പരിശോധന നടത്തുകയും ഹാജറില്ലാത്തവരുടെ പേരിനുനേരെ ആബ്സന്റ് മാര്‍ക്ക് ചെയ്യുകയും വേണം.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ഉള്‍പ്പെടെ സമ്മേളനങ്ങളിലും പൊതുയോഗങ്ങളിലും പങ്കെടുക്കാൻ നിശ്ചിത സമയത്തിന് മുമ്പേ തൊഴില്‍ അവസാനിപ്പിക്കുന്നതടക്കം ശ്രദ്ധയില്‍ വന്നതിനാലാണ് പരിശോധന കര്‍ശനമാക്കുന്നത്. സ്ഥലത്തില്ലാത്തവരുടെ ഹാജര്‍ രേഖപ്പെടുത്തിയതായി കണ്ടാല്‍ അത് സൈറ്റ് ഡയറിയില്‍ എഴുതി നടപടി സ്വീകരിക്കാൻ മേറ്റിനെ ചുമതലപ്പെടുത്തണം.

ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിറവേറ്റാത്ത മേറ്റുമാതെ ഇനി കരിമ്പട്ടികയില്‍ പെടുത്തുകയും പദവിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യും. സാങ്കേതിക പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ അളവിനൊത്ത പ്രവൃത്തി നടത്തിയെന്ന് ഉറപ്പാക്കണം. ഇതില്‍ വീഴ്ചയുണ്ടെങ്കില്‍ അത് സാങ്കേതിക ജീവനക്കാരുടെ ബാധ്യതയായാണ് ഇനി കണക്കാക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!