പേരാവൂർ :കനത്ത മൂടൽമഞ്ഞ്, കുത്തനെയുള്ള കയറ്റവും വെട്ടിത്തിരിഞ്ഞുള്ള വളവുകളും. എപ്പോൾ വേണമെങ്കിലും വാഹനങ്ങൾക്കു മുകളിലേക്കു പതിക്കാൻ തയാറായി കാത്തിരിക്കുന്ന പാറക്കൂട്ടങ്ങൾ, ചെറിയ മഴയിൽപോലും റോഡിലേക്കു കുതിച്ചെത്തുന്ന പടുകൂറ്റൻ മൺകൂനകൾ, ഇടിഞ്ഞിടിഞ്ഞു മെലിഞ്ഞുപോയ റോഡ്, ഒരറ്റത്ത് ആഴത്തിലേക്കു വാ പിളർന്നിരിക്കുന്ന കൊക്ക.
ഒരൊറ്റ വായനയിൽ ഈ റോഡിലൂടെ സഞ്ചരിക്കുന്നതിലുള്ള ഭയം നമ്മളിലുണ്ടാകുന്നുണ്ടെങ്കിൽ, കഴിഞ്ഞ 20 വർഷമായി ലക്ഷക്കണക്കിനാളുകൾ ഈ റോഡിലൂടെ സഞ്ചരിച്ചു കഴിഞ്ഞു. ഓരോ മണിക്കൂറിലും നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്നു. റോഡിന്റെ പേര് കൊട്ടിയൂർ ബോയ്സ് ടൗൺ റോഡ്, അഥവാ പാൽച്ചുരം.
അമ്പായത്തോട് മുതൽ ബോയ്സ് ടൗൺ വരെ ആറു കിലോമീറ്ററിലധികം ദൂരമുള്ള റോഡിൽ 243 വലിയ കുഴികളുണ്ട്. അടുത്ത കാലത്തു പുതുക്കിപ്പണിത 2.9 കിലോമീറ്ററിൽ മാത്രം 35 കുഴികൾ. റോഡിലെ ടാറിങ്ങിന്റെ വശങ്ങൾ വെള്ളം കുത്തിയൊഴുകി തകർന്ന നിലയിലാണ്. മറ്റു വാഹനങ്ങൾക്ക് അരികു നൽകി ഒരു കുഴിയിൽ നിന്ന് കയറുമ്പോഴേക്കും അടുത്ത കുഴിയിൽ വീണിരിക്കും.
ചുരത്തിലെ ഭൂരിഭാഗം വളവുകളിലും റോഡ് ഒരു സങ്കൽപം മാത്രമായിരിക്കുന്നു. നിർമിച്ചിട്ടു വർഷങ്ങൾ കഴിഞ്ഞിട്ടും ഔദ്യോഗിക ഉദ്ഘാടനം നടക്കാത്ത പാൽച്ചുരത്തിൽ അതിനു ശേഷം ഇന്നേവരെ പൂർണമായ ടാറിങ് നടത്തിയിട്ടില്ല. പലപ്പോഴായി നടത്തിയ അറ്റകുറ്റപ്പണിയാകട്ടെ അടുത്ത മഴയിൽത്തന്നെ തകർന്നടിയുന്നു. ഉത്തര കേരളത്തെ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുമായി ചേർത്തു നിർത്തുന്നതിൽ പാൽച്ചുരത്തിനുള്ള പങ്ക് നിർണായകമാണ്. ജില്ലയിൽ നിന്നു വയനാട്ടിലേക്കു കടക്കാനാകുന്ന മറ്റൊരു റോഡ് പേര്യാചുരമാണ്. അതിലേക്ക് എത്തണമെങ്കിൽ കിലോമീറ്ററുകളോളം വാഹനങ്ങൾ ചുറ്റിസഞ്ചരിക്കണം.
തലയ്ക്കുമീതെ ആശങ്ക
ബാവലിപ്പുഴയുടെ ആരംഭമായ ചെകുത്താൻ തോടിനരികിൽ നിന്നാണു കണ്ണൂരിലേക്കുള്ള റോഡിന്റെ പ്രവേശനം. കുത്തനെയുള്ള ഇറക്കത്തിലെ വളവുകളിൽ ഒരു ബോർഡ് കാണാം, ‘മുകളിൽ നിന്നു കല്ലുപതിക്കും സൂക്ഷിക്കുക’. ആ ബോർഡ് വായിക്കുന്നതിനേക്കാൾ വേഗത്തിൽ കല്ല് താഴേക്കെത്തും. ഇവിടെയാണു കനത്ത മഴയത്തു മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത്.
ഓരോ മഴക്കാലത്തും റോഡോ അരികിലെ മൺതിട്ടയോ ഇടിഞ്ഞുപോരും. അങ്ങനെ പലവട്ടം ഇടിഞ്ഞ ഭാഗങ്ങളുണ്ട്. ആ വശം പിന്നീടു പുനഃസ്ഥാപിക്കാറില്ല. പകരം, വണ്ടികൾ താഴേക്കു പോകാതിരിക്കാൻ ഒരു വേലി സ്ഥാപിക്കും. സ്വതവേ വീതിയില്ലാത്ത റോഡിനു വീണ്ടും വീതികുറയും. ,
തകർച്ചയ്ക്ക് കാരണം?
റോഡിൽ ഓവുചാൽ സംവിധാനം പേരിനുപോലും ഇല്ലാത്തതാണു തകർച്ചയ്ക്കു കാരണമായി നാട്ടുകാരും ആക്‌ഷൻ കൗൺസിലും ചൂണ്ടിക്കാണിക്കുന്നത്. ഓവുചാലില്ലാത്തതിനാൽ വെള്ളം തുടർച്ചയായി ഒഴുകി റോഡിന്റെ ഉപരിതല ഘടന തന്നെ മാറ്റപ്പെട്ടു. നവീകരണ പ്രവർത്തനം നടത്തി അധികം കഴിയുംമുൻപേ ചിലയിടത്ത് റോഡുതന്നെ ഒലിച്ചുപോയി.ഭാരവാഹനങ്ങൾ വിലക്കാൻ ആരുണ്ട്?
15 ടണ്ണിൽ കൂടുതൽ ഭാരം കയറ്റിയ വാഹനങ്ങൾ ചുരം റോഡിലൂടെ ഓടുന്നതിനു വിലക്കുണ്ട്. എന്നാൽ പെട്ടെന്നു വയനാട്ടിലേക്കെത്താം എന്നതിനാൽ ചുരം റോഡിൽ ഇതൊന്നു പാലിക്കപ്പെടുന്നില്ല. അമിതഭാരം കയറ്റി വരുന്ന വലിയ വാഹനങ്ങൾ കാരണം പാൽച്ചുരം റോഡിൽ മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കും പതിവ്.
എന്നുവരും വികസനം?
മലയോര ഹൈവേയുടെ പ്ലാനിൽ പാൽച്ചുരം ഉൾപ്പെട്ടതാണ്. അതിന് 12 മീറ്റർ വീതിയെങ്കിലും വേണ്ടിവരും. ഭൂമിയുടെ അതിരു തിരിച്ചു കുറ്റി നാട്ടിയെങ്കിലും 4 മുതൽ 5 മീറ്റർ വരെ വീതിയുള്ള നിലവിലെ റോഡ് പോലും ഇടിഞ്ഞ് ഇല്ലാതായിരിക്കുന്നു. മലയോര ഹൈവേയുടെ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. പാൽച്ചുരത്തിന്റെ സമഗ്രപുനർനിർമാണം ആവശ്യമാണെങ്കിലും നിലവിലെ കുഴികൾ അടിയന്തര പ്രാധാന്യത്തോടെ അടയ്ക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
പേരാവൂർ: യു.എം.സി പേരാവൂർ യൂണിറ്റ് സംഘടിപ്പിച്ച രണ്ടാമത് നരിതൂക്കിൽ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് പേരാവൂർ മിഡനൈറ്റ് മാരത്തൺ മലയോരത്ത് ആവേശമായി. ആയിരത്തിലധികം കായികതാരങ്ങൾ മത്സരിച്ച മാരത്തൺ ശനിയാഴ്ച രാത്രി 11ന് പേരാവൂർ ഡി.വൈ.എസ്.പി കെ.വി.പ്രമോദൻ ഫ്‌ളാഗ് ഓഫ് ചെയ്തു.
പുരുഷ വിഭാഗത്തിൽ പാലക്കാട് അത്‌ലറ്റിക്ക് അക്കാദമി ടീമും വനിതാ വിഭാഗത്തിൽ എം.എൻ.കെ. പാലക്കാടും ജേതാക്കളായി. എറണാകുളം ടീം, ക്യാപ്റ്റൻ അക്കാദമി ചെറുപുഴ എന്നിവ പുരുഷ വിഭാഗത്തിലും പേരാവൂർ അത്‌ലറ്റിക് അക്കാദമി, ക്യാപ്റ്റൻ അക്കാദമി ചെറുപുഴ എന്നിവ വനിതാ വിഭാഗത്തിലും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
60 വയസ് കഴിഞ്ഞ പുരുഷ വിഭാഗത്തിൽ പത്രോസ് പുളിക്കൽ, എൻ.മാത്യു, ഇ.ജെ.ജോസഫ്,, പി.ടി.ജോർജ് എന്നിവരടങ്ങുന്ന ടീമും 50 കഴിഞ്ഞ വനിതകളുടെ വിഭാഗത്തിൽ കെ.ശ്യാമള, തമ്പായി, സി.ബിന്ദു, എൻ.പ്രമീള എന്നിവരുടെ ടീമും ജേതാക്കളായി.
പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ, പഞ്ചായത്തംഗങ്ങളായ എം.ശൈലജ, റജീന സിറാജ്എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. സൈമൺ മേച്ചേരി, ഷിനോജ് നരിതൂക്കിൽ, കെ.എം.ബഷീർ, വി.കെ.രാധാകൃഷ്ണൻ, വി.കെ.വിനേശൻ, ഒ.ജെ.ബെന്നി, ദിവ്യസ്വരൂപ്, പ്രവീൺ കാറാട്ട്, എ.പി.സുജീഷ്, ഒ.മാത്യു എന്നിവർ നേതൃത്വം നല്കി.
പേരാവൂർ : ബെംഗളൂരു കേന്ദ്രമാക്കി വീസ തട്ടിപ്പ് നടത്തി വന്ന മലയാളിയെ പേരാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കരിക്കോട്ടക്കരി സ്വദേശി ബിനോയ് ജോർജിനെയാണ് (41) പേരാവൂർ എസ്.ഐ.അബ്ദുൾ നാസർ, എ.എസ്.ഐ മുഹമ്മദ് റഷീദ്, സി.പി.ഒ കെ.ഷിജിത്ത് എന്നിവർ ചേർന്ന് മൈസൂരുവിൽ വച്ച് അറസ്റ്റ് ചെയ്തത്. അയർലൻഡിലേക്ക് വീസ നൽകാമെന്ന് പറഞ്ഞ് ഒരു വർഷം മുൻപ് പേരാവൂർ വെള്ളർവള്ളി സ്വദേശിയായ യുവാവിൽ നിന്ന് 1.7 ലക്ഷം രൂപ ഇയാൾ വാങ്ങിയിരുന്നു. കൂടാതെ കരിക്കോട്ടക്കരി സ്വദേശിയായ യുവാവിൽ നിന്ന് 3.5 ലക്ഷം രൂപ വാങ്ങിയതായും പരാതിയുണ്ട്. വീഡിയോ കോളിൽ ബെംഗളൂരുവിലെ ഓഫിസ് ഇരകൾക്ക് കാണിച്ചു കൊടുത്ത് വിശ്വാസം ജനിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.അയർലൻഡിലെ ഹോട്ടലിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പണം കൈപ്പറ്റി കഴിഞ്ഞാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇയാൾ ഫോൺ നമ്പർ മാറ്റും. ഇയാളെ ഒരാഴ്ചയോളം പിന്തുടർന്ന് കണ്ടെത്തിയാണ് മൈസൂരുവിൽ നിന്ന് പിടികൂടിയത്. ഇയാളുടെ കൂട്ടാളി ഷോബി എന്ന അനിൽകുമാറിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്.
കോളയാട്: സി.പി.എം പേരാവൂർ ഏരിയാ സമ്മേളനത്തിന് പൊതുസമ്മേളന വേദിയായ കോളയാട്ടെ സീതാറാം യെച്ചൂരി നഗറിൽ
സംഘാടകസമിതി ചെയർമാൻ കെ. ടി. ജോസഫ് പതാകയുയർത്തി. വിവിധ സ്മൃതികുടീരങ്ങളിൽനിന്ന് പുറപ്പെട്ട കൊടിമര, പതാക, ദീപശിഖാ ജാഥകൾ താഴെ കോളയാടിൽ സംഗമിച്ച് അത്‌ലറ്റുകൾ, റെഡ് വളണ്ടിയർമാർ എന്നിവരുടെ അകമ്പടിയോടെ പൊതുസമ്മേളന നഗരിയിലെത്തിച്ചു. 22 അനുബന്ധ ദീപശിഖകളും താഴെ കോളയാട് സംഗമിച്ചു. ഏരിയ സെക്രട്ടറി എം.രാജൻ അധ്യക്ഷനായി.
കൊടിമര ജാഥ ജില്ലാ സെക്രട്ടറിയേറ്റംഗം പി .ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡർ പി .വി. പ്രഭാകരൻ ഏറ്റുവാങ്ങി. പതാകജാഥ സംസ്ഥാന കമ്മറ്റിയംഗം ഡോ. വി ശിവദാസൻ ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡർ കെ.സുധാകരൻ ഏറ്റുവാങ്ങി. ദീപശിഖാ ജാഥകൾ ജില്ലാ കമ്മറ്റിയംഗം വി. ജി .പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. ജിജി ജോയ് ഏറ്റുവാങ്ങി. ശനിയാഴ്ച പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എൻ.ചന്ദ്രനും ഞായറാഴ്ച പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.കെ.ബിജുവും ഉദ്ഘാടനം ചെയ്യും.