മുഖം മിനുക്കി ഇരിട്ടിയിലെ സുധർമ കോളനി

ഇരിട്ടി : ലൈഫിൽ അഞ്ച് കുടുംബങ്ങൾക്ക് ഒരേ സമയം പുതിയ വീടുകൾ നിർമിച്ചുനൽകി ഇരിട്ടി നഗരസഭ. ഇരിട്ടി നഗരസഭയിൽ പതിനൊന്നാം വാർഡിലെ അത്തിയിലെ സുധർമ കോളനിയിലെ ഗീത, രാജീവൻ, ഉദയകുമാർ, പ്രതിഭ, വിനു എന്നിവരുടെ കുടുംബങ്ങൾക്കാണ് പുതിയ വീടുകളായത്.
പുഴയോരത്തെ അരമനക്കണ്ടി പുറമ്പോക്ക് കോളനി പഴശ്ശി പദ്ധതി അധികൃതർ ഒഴിപ്പിച്ച ഘട്ടത്തിൽ ഉയർന്ന ബഹുജന സമ്മർദങ്ങളും പ്രക്ഷോഭങ്ങളുമാണ് പാവപ്പെട്ട കുടുംബങ്ങൾക്ക് പുനരധിവാസമൊരുക്കാൻ സഹായകമായത്. മൂന്ന് പതിറ്റാണ്ടു മുമ്പത്തെ കുടിയൊഴിപ്പിക്കൽ നീക്കത്തിനെതിരെ സിപിഐ എം നേതൃത്വത്തിലായിരുന്നു പ്രക്ഷോഭം. തുടർന്നാണ് കീഴൂർ – ചാവശേരി (നിലവിൽ ഇരിട്ടി നഗരസഭ) പഞ്ചായത്ത് പരിധിയിൽ ഈ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത്. പുനരധിവസിക്കപ്പെട്ട അരമനക്കണ്ടിയിലെ കുടുംബങ്ങൾ അടക്കം പതിനെട്ട് കുടുംബങ്ങൾ സുധർമ കോളനിയിലുണ്ട്. 28ന് സ്പീക്കർ എ.എൻ. ഷംസീർ താക്കോൽ കൈമാറും.