വീണ്ടും ഓൺലൈൻ വായ്പക്കെണി; വായ്‌പ വാഗ്‌ദാനം നിരസിച്ചതിന്‌ മോർഫ്‌ ചെയ്‌ത ചിത്രം പ്രചരിപ്പിച്ചു

Share our post

തിരുവല്ല : ഉയർന്ന തുകയുടെ വായ്പ വാഗ്ദാനം നിരസിച്ചതിനെ തുടർന്ന് യുവാവിന്റെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ അടക്കം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ഓൺലൈൻ മാഫിയ സംഘം. മോർഫ്‌ ചെയ്‌ത നഗ്നചിത്രങ്ങൾ ഫേസ്ബുക്കിലൂടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ച് നൽകിയതോടെ യുവാവ് പരാതിയുമായി സൈബർ സെല്ലിനെ സമീപിച്ചു. തുകലശ്ശേരി കുന്നുംപുറത്ത് എസ് അനിൽകുമാറാണ് കെണിയിൽ കുടുങ്ങിയത്.

തിരുവല്ലയിൽ സ്വന്തമായി ബിസിനസ് നടത്തുന്ന അനിൽകുമാർ ആഗസ്‌ത്‌ 31ന് ഫേസ്ബുക്കിൽ നിന്ന്‌ ഓൺലൈൻ വായ്പയുടെ ആപ്പ് ഡൗൺലോഡ് ചെയ്തു. ഇതിന് പിന്നാലെ ഇയാൾക്ക് 7 ദിവസത്തെ വായ്പ തിരിച്ചടവിൽ 9,060 രൂപയുടെ ഓഫർ മെസേജ് ആപ്പിൽ ലഭിച്ചു. ഇത് സ്വീകരിച്ചതിന്‌ പിന്നാലെ പേടിഎം വഴി അക്കൗണ്ടിൽ 4500 ഓളം രൂപ എത്തി. അഞ്ചാം ദിനം അനിൽകുമാർ പണം തിരികെ അടച്ചു. പിന്നാലെ 15,000 രൂപയുടെയും തുടർന്ന് 40,000 രൂപയുടെയും ഓഫറും എത്തി. അങ്ങനെ ലഭിച്ച തുകയും അനിൽ കൃത്യസമയത്ത് തന്നെ തിരിച്ചടച്ചു. ഇതിന് പിന്നാലെയാണ് സെപ്തംബർ 24 ന് ഒരു ലക്ഷം രൂപയുടെ ഓഫർ എത്തിയത്. കെണി മനസ്സിലാക്കിയ അനിൽകുമാർ വായ്പ നിരസിച്ച് മെസേജ് അയച്ചു. തുടർന്ന് ലോൺ ആപ്പും ഫോണിൽനിന്ന്‌ നീക്കം ചെയ്തു. പിന്നാലെ വാട്സാപ്പിൽ വിളി എത്തി. വായ്പാത്തുക പൂർണമായും തിരിച്ചടച്ചിട്ടില്ലെന്നും അതിനാൽ ആപ്പ് വീണ്ടും ഡൗൺലോഡ് ചെയ്യണമെന്നുമായിരുന്നു നിർദേശം. ഇതുപ്രകാരം ആപ്പ് ഡൗൺലോഡ് ചെയ്ത് മിനിറ്റുകൾക്കകം അക്കൗണ്ടിലേക്ക് 40,000 രൂപ കൂടി എത്തി. വായ്‌പ ആവശ്യമില്ലെന്ന്‌ അനിൽകുമാർ സന്ദേശം അയച്ചതിന് പിന്നാലെയാണ് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!