ഓൺലൈൻ തട്ടിപ്പ്; കോഴിക്കോട് റൂറലിൽ ഒരാഴ്ചയ്ക്കിടെ 40 കേസുകൾ

വടകര : ലോൺ ആപ്പ് തട്ടിപ്പ് ഉൾപ്പെടെയുള്ള ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് നടപടികൾ ശക്തമാക്കി പോലീസ്. ഒരാഴ്ചയ്ക്കിടെ കോഴിക്കോട് റൂറലിൽമാത്രം 40 കേസുകൾ രജിസ്റ്റർചെയ്ത് അന്വേഷണം തുടങ്ങി. സമാന്തരമായി ബോധവത്കരണവും നടക്കുന്നതിനാൽ തട്ടിപ്പിനിരയായ കൂടുതൽപ്പേർ വരും ദിവസങ്ങളിൽ പരാതിയുമായി വരുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ.
വടകര പോലീസ് സ്റ്റേഷനിൽ നാലുദിവസത്തിനിടെ നാല് കേസുകൾ രജിസ്റ്റർചെയ്തു. പേരാമ്പ്ര സ്റ്റേഷനിൽ അഞ്ചും. റൂറലിലെ മിക്കവാറും എല്ലാസ്റ്റേഷനുകളിലും കേസുകളുണ്ട്. നേരത്തേ ലഭിച്ച പരാതികളിലും അന്വേഷണം നടത്തി കേസെടുത്തിട്ടുണ്ട്. കോഴിക്കോട് റൂറൽ സൈബർ പോലീസിന്റെ മേൽനോട്ടത്തിൽ അതത് സ്റ്റേഷൻ ഓഫീസർമാർതന്നെയാണ് കേസ് അന്വേഷിക്കുന്നത്.
വടകരയിലെ ഒരു വ്യാപാരിക്ക് ലോൺ ആപ്പ് തട്ടിപ്പിലൂടെ നഷ്ടമായത് 40,000 രൂപ. ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്തപ്പോൾ അഞ്ചുശതമാനം പലിശയ്ക്ക് വായ്പകിട്ടുമെന്നായിരുന്നു വാഗ്‌ദാനം. തുടർന്ന് പ്രൊസസിങ് ഫീസ്, അഡ്മിനിസ്‌ട്രേഷൻ ഫീസ് എന്നീ ഇനങ്ങളിൽ ആദ്യം 10,000 രൂപ അടയ്ക്കാൻ ആവശ്യപ്പെട്ടു. പിന്നാലെ 30,000 രൂപകൂടി വാങ്ങി. ഇത് അടച്ചാൽ വായ്പകിട്ടുമെന്നായിരുന്നു വാഗ്‌ദാനം. പണം നൽകിയശേഷമാണ് വഞ്ചിക്കപ്പെട്ടതായി മനസ്സിലായത്.
നരിപ്പറ്റ സ്വദേശിക്കും ലോൺ ആപ്പിലൂടെ നഷ്ടമായത് 40,000 രൂപയാണ്. സർവീസ് ചാർജ്, നികുതി എന്നൊക്കെപ്പറഞ്ഞാണ് പണം ഈടാക്കിയത്. 10 ലക്ഷം രൂപയാണ് വായ്പനൽകാമെന്ന് വാഗ്ദനം.