ആറളത്ത് ആനമതിൽ നിർമാണോദ്ഘാടനം 30-ന്; ആദ്യ റീച്ചിലെ മരം മുറി പൂർത്തിയായി

Share our post

ഇരിട്ടി : ആറളത്ത് ആനമതിൽ നിർമാണോദ്ഘാടനം 30-ന് നടക്കും. മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, മുഹമ്മദ് റിയാസ്, കെ. രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്ഘാടനം. മതിൽ നിർമാണത്തിന്റെ പ്രാരംഭ ജോലികൾ ആരംഭിച്ചു.

വനാതിർത്തിയിൽ 10.5 കിലോമീറ്റർ മതിൽ നിർമിക്കുന്നതിന് 32 കോടി രൂപയാണ് അനുവദിച്ചത്. ആദ്യഘട്ടത്തിൽ പൂർത്തിയാകുന്ന 2.5 കിലോമീറ്റർ മതിലിന്റെ നിർമാണത്തിനായി മരങ്ങൾ മുറിച്ചുനീക്കുന്ന പ്രവൃത്തി പൂർത്തിയായി. 2.5 കിലോമീറ്ററിലെ 102 മരങ്ങൾ മുറിച്ച് അട്ടിയിടുന്നതിന് 1.97 ലക്ഷം രൂപയ്ക്കാണ് ടെൻഡർ എടുത്തത്. ഫണ്ട് അനുവദിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും നിർമാണം നീണ്ടുപോകുന്നത് പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. മതിൽ കടന്നുപോകുന്ന പ്രദേശങ്ങളിൽ മരങ്ങൾ മുറിച്ചെടുക്കുന്നതിന് ടെൻഡർ ചെയ്തെങ്കിലും ആരും ഏറ്റെടുക്കാൻ തയ്യാറായില്ല.

മുറിച്ചുനീക്കുന്നതിന് അടയാളപ്പെടുത്തിയ 39-ഓളം മരങ്ങൾക്ക് സാമൂഹിക വനവത്കരണ വിഭാഗം 21 ലക്ഷം രൂപയായിരുന്നു വില നിശ്ചയിച്ചത്. ലേലം ചെയ്യേണ്ട മരങ്ങളിൽ 80 ശതമാനത്തോളം പാഴ്മരങ്ങളായിരുന്നു. വീണ്ടും ലേലം ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടും കാലതാമസവും കണക്കിലെടുത്ത് ആദിവാസി പുനരധിവാസ മിഷൻ റീടെൻഡറിന് പകരം വിവിധ റീച്ചുകളാക്കി മരം മുറിച്ച് അട്ടിയിടുന്നതിന് ടെൻഡർ വിളിക്കുകയായിരുന്നു.

വളയംചാൽമുതൽ പൊട്ടിച്ചിപ്പാറവരെ മതിൽ

ആറളം ആദിവാസി പുനരധിവാസ മേഖലയും വന്യജീവിസങ്കേതവുമായി അതിരിടുന്ന വളയംചാൽ മുതൽ പൊട്ടിച്ചി പാറവരെയുള്ള 10.5 കിലോമീറ്ററാണ് മതിൽ നിർമിക്കുന്നത്. ഇതിൽ വളയംചാരമുള്ള അഞ്ചുകിലോമീറ്റർ കരിയൽ മതിൽ നേരത്തെ നിർമിച്ചതായിരുന്നു. ഉയരം കുറഞ്ഞതും ബലക്ഷയം ഉള്ളതുമായ മതിൽ പത്തോളം ഭാഗങ്ങളിൽ തകർത്താണ് ആനക്കൂട്ടം വന്യജീവിസങ്കേതത്തിൽനിന്ന് ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്നത്. ഈ മതിൽ അതേപടി നിലനിർത്തിക്കൊണ്ടുള്ള പുതിയ മതിലാണ് പൊതുമരാമത്തുവകുപ്പ് അടങ്കൽ തയ്യാറാക്കിയിരിക്കുന്നത്. വകുപ്പുകൾ തമ്മിൽ നടക്കുന്ന ശീതസമരങ്ങളും ഫയലുകൾ പരിഗണിക്കുന്നതിലെ കാലതാമസവും മൂലം മതിൽ നിർമാണം അനന്തമായി നീളുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!