ആര് തടയും ലഹരിക്കടത്ത്; ലഹരി വിപണനം തടയാൻ എക്സൈസിന് വേണ്ടത്ര ജീവനക്കാരില്ലെന്ന്

Share our post

കണ്ണൂർ: ലഹരി വിപണനവും ഉപയോഗവും വർധിക്കുമ്പോഴും ഇവ തടയേണ്ട എക്സൈസ് വകുപ്പിന് ജില്ലയിലുള്ളത് 350 ജീവനക്കാർ മാത്രം. ജീവനക്കാരുടെ കുറവ് എക്സൈസിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് മേഖലയിലുള്ളവർ തന്നെ സമ്മതിക്കുന്നു. മുൻപ് അബ്കാരി മേഖലയിൽ മാത്രമാണ് എക്സൈസിന്റെ ശ്രദ്ധ പതിയേണ്ടിയിരുന്നത്.

എന്നാൽ മാരക ലഹരി മരുന്നുകളുടെ ഉപയോഗവും വിപണനവുമടക്കമുള്ള കേസുകൾ വർധിക്കുമ്പോഴും 1970ലെ സ്റ്റാഫ് ഘടനയാണ് എക്സൈസ് വകുപ്പിൽ ഇപ്പോഴും പിന്തുടരുന്നത്. ലഹരിക്കേസുകൾ മുൻപ് ജില്ലയിൽ ചില മേഖലകൾ കേന്ദ്രീകരിച്ചു മാത്രമാണുണ്ടായിരുന്നത്. ഇപ്പോൾ ജില്ലയിലെ മിക്ക സ്ഥലങ്ങളിലും ലഹരി ഉപയോഗം വ്യാപകമായി.

ഇതു സംബന്ധിച്ച രഹസ്യ വിവരം പൊലീസിനും എക്സൈസിനും ദിനംപ്രതിയെന്നോളം ലഭിക്കുന്നുണ്ട്. ദിവസങ്ങൾക്ക് മുൻപ് എടക്കാട് പൊലീസ് മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലും പരിസരത്തും നടത്തിയ ലഹരിവേട്ടയിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എയും ഇത് തൂക്കിക്കൊടുക്കാനുള്ള ത്രാസും അടക്കം ഒരു വീട്ടിൽ നിന്നു പൊലീസ് പിടികൂടി. വീട്ടിലെ ഒരു യുവാവായിരുന്നു പ്രതി. ഒളിവിൽ കഴിഞ്ഞ പ്രതിയെ കഴിഞ്ഞ ദിവസമാണ് എടക്കാട് പൊലീസ് പിടികൂടിയത്.

മംഗളൂരുവിൽ പഠിക്കുന്ന വിദ്യാർഥി കണ്ണൂർ നഗരത്തിലെ വീട്ടിൽ വരുമ്പോഴെല്ലാം നാട്ടിൽ വിൽക്കാനുള്ള ലഹരിമരുന്ന് ശേഖരവുമായാണ് വരുന്നതെന്ന കണ്ണൂർ എക്സൈസിന്റെ കണ്ടെത്തൽ ഞെട്ടിക്കുന്നതായിരുന്നു. നാട്ടിൽ വന്ന് 5 ദിവസങ്ങൾക്കുള്ളിൽ ഈ മയക്കമരുന്നുകളെല്ലാം വിറ്റു തീരുമെന്നാണ് വിദ്യാർഥി പൊലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചത്. എന്നാൽ ഇതിന്റെയൊക്കെ പിന്നാലെയെത്തി പിടികൂടാൻ എക്സൈസ് വകുപ്പിന്റെ അംഗ ബലക്കുറവ് ലഹരി നിർമ്മാർജന മേഖലയിലെ വലിയൊരു പരിമിതിയാണ്.

12 റേഞ്ച് ഓഫിസുകൾ മാത്രം

അഞ്ചോ ആറോ പൊലീസ് സ്റ്റേഷൻ പരിധി ഉൾപ്പെടുന്ന പ്രദേശത്താണ് എക്സൈസിന്റെ ഒരു റേഞ്ച് ഓഫിസ് സ്ഥിതി ചെയ്യുന്നത്. ജില്ലയിൽ നിലവിൽ എക്സൈസിന്റെ 12 റേഞ്ച് ഓഫിസുകൾ മാത്രമാണുള്ളത്. ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട പരാതികൾ വർധിക്കുന്ന സാഹചര്യത്തിൽ 2 പഞ്ചായത്തുകൾക്കെങ്കിലും ഒരു റേഞ്ച് ഓഫിസ് എന്ന ക്രമീകരണം ഉണ്ടാവണമെന്ന് ആവശ്യമുയരുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!