പേരക്കുട്ടിയെ പീഡിപ്പിച്ച മുത്തച്ഛന് 81 വര്‍ഷം തടവും 3.65 ലക്ഷം രൂപ പിഴയും

കാഞ്ഞങ്ങാട്(കാസര്‍കോട്): കൊച്ചുമകളെ പീഡിപ്പിച്ച മുത്തച്ഛന് 81 വര്‍ഷം തടവും 3.65 ലക്ഷം രൂപ പിഴയും വിധിച്ചു. അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയിലെ 58-കാരനെയാണ് ഹൊസ്ദുര്‍ഗ് അതിവേഗ പ്രത്യേക കോടതി ജഡ്ജി സി. സുരേഷ് കുമാര്‍ ശിക്ഷിച്ചത്.
മകളുടെ മകളായ പത്തുവയസ്സുകാരിയെ പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്. 2021 ജൂണ്‍ മുതല്‍ ഒരു വര്‍ഷത്തിനിടയിലുള്ള വിവിധ ദിവസങ്ങളില്‍ പീഡനം നടന്നുവെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലേയും പോക്സോ നിയമത്തിലേയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ.
അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ ടി.കെ. മുകുന്ദനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഹൊസ്ദുര്‍ഗ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. ഗംഗാധരന്‍ ഹാജരായി.