ആദിവാസി വിദ്യാര്‍ഥികളുടെ വസ്ത്രം പരസ്യമായി അഴിപ്പിച്ചു; ഹോസ്റ്റല്‍ ജീവനക്കാര്‍ക്കെതിരെ കേസ്

Share our post

പാലക്കാട്: ആദിവാസി വിദ്യാർഥികളെ പരസ്യമായി വസ്ത്രം അഴിപ്പിച്ചതായി പരാതി. ഷോളയൂർ പ്രീമെട്രിക് ഹോസ്റ്റലിലെ നാല് വിദ്യാർഥികൾക്കാണ് ജീവനക്കാരിൽ നിന്ന് ദുരനുഭവം ഉണ്ടായത്. മറ്റുള്ള വിദ്യാർഥികൾക്ക് മുമ്പിൽ വെച്ച് നിർബന്ധിച്ച് വസ്ത്രം അഴിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഹോസ്റ്റൽ ജീവനക്കാരായ ആതിര, കസ്തൂരി, സുജ, കൗസല്യ എന്നിവർക്കെതിരേ ഷോളയൂർ പോലീസ് കേസെടുത്തു.

വെള്ളിയാഴ്ചയായിരുന്നു സംഭവമെന്നാണ് പരാതിയിൽ പറയുന്നത്. ഹോസ്റ്റലിൽ ചർമ്മ രോഗം പടരുന്ന സാഹചര്യം ഉണ്ടായിരുന്നു. അതുകൊണ്ട് മറ്റുള്ള കുട്ടികളുടെ വസ്ത്രം ഉപയോഗിക്കരുത് എന്ന നിർദേശം ഹോസ്റ്റൽ ജീവനക്കാർ കുട്ടികൾക്ക് നൽകിയിരുന്നു. ഈ നാല് പേർ ഈ നിർദേശം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് വസ്ത്രം അഴിപ്പിച്ച് അവരവരുടെ തന്നെ വസ്ത്രം ധരിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നത്. മറ്റുള്ള കുട്ടികളുടെ മുമ്പിൽ വെച്ചായിരുന്നു വസ്ത്രം അഴിപ്പിച്ചത്.

മാനസിക സമ്മർദ്ദത്തിലായ വിദ്യാർഥികൾ രക്ഷിതാക്കളെ വിവരം അറിയിച്ചു. തുടർന്ന് രക്ഷിതാക്കളെത്തി പോലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം അഗളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

കുട്ടികൾക്ക് ചർമ്മരോഗം പടരാൻ സാധ്യത ഉള്ളതിനാൽ മറ്റുള്ളവരുടെ വസ്ത്രം ധരിക്കരുത് എന്ന് നിർദേശം നൽകിയിരുന്നു. ഇത് ലംഘിച്ച കുട്ടികളോട് വസ്ത്രം മാറി വരാൻ നിർദേശിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഹോസ്റ്റൽ ജീവനക്കാർ പ്രതികരിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!