വിവാഹവാഗ്ദാനം നല്‍കി സ്വര്‍ണവും പണവും കവര്‍ന്ന യുവാവ് അറസ്റ്റില്‍

Share our post

കണ്ണൂര്‍: വിവാഹ വാഗ്ദാനം നല്‍കി സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതി വയനാട്ടില്‍ അറസ്റ്റില്‍. മാതമംഗലം വെള്ളോറ സ്വദേശി ബിജു ആന്‍റണി (43) എന്ന പെറോട്ട ബിജുവിനെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് തലപ്പുഴയില്‍ അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. വിവാഹവാഗ്ദാനം നല്‍കി പാലക്കാട് സ്വദേശിനിയായ യുവതിയെ കണ്ണൂരിലെ ഹോട്ടലിലെത്തിച്ച്‌ 40,000 രൂപയും മുക്കാല്‍ പവന്‍റെ ഗോള്‍ഡ് ലോക്കറ്റ്, മൊബൈല്‍ ഫോണ്‍, ആധാര്‍, പാൻ, എ.ടി.എം കാര്‍ഡുകള്‍, ഡ്രൈവിംഗ് ലൈസൻസ് എന്നിവയടങ്ങിയ ബാഗുമായി പ്രതി കടന്നുകളയുകയായിരുന്നു.

പത്രത്തിലെ വിവാഹ പരസ്യം വഴി പരിചയപ്പെട്ട പ്രതിയെ കാണാനായി കണ്ണൂരിലെത്തിയതായിരുന്നു യുവതി. പാലക്കാട് ജ്വല്ലറി ജീവനക്കാരിയായ യുവതിയെ ഓര്‍ഫനേജിലെ താമസക്കാരനാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു പ്രതി കണ്ണൂരിലെത്തിച്ചത്.

ഭക്ഷണം കഴിക്കാനായി ഹോട്ടലില്‍ എത്തിയ സമയത്തായിരുന്നു പ്രതി ബാഗുമായി കടന്നുകളഞ്ഞത്. ഭക്ഷണം ഓര്‍ഡര്‍ എടുക്കാൻ വന്ന വെയിറ്ററോട് ഒരാള്‍കൂടി വരാനുണ്ടെന്ന് യുവതി പറഞ്ഞിരുന്നു. വഞ്ചിക്കപ്പെട്ടതറിയാതെ യുവതി അരമണിക്കൂറോളം ഹോട്ടലില്‍ കാത്തിരുന്നു.

ഒടുവില്‍ പരാതിയുമായി ടൗണ്‍ പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. പണം മുഴുവനായും നഷ്ടമായ യുവതിക്ക് പോലീസ് ഇടപെടലിലാണ് ഭക്ഷണവും താമസവും ഒരുക്കിയത്.

കുമ്ബള, മലപ്പുറം സ്റ്റേഷനുകളില്‍ പോലീസിനെ വെട്ടിച്ച്‌ രക്ഷപ്പെടാൻ ശ്രമിച്ച കേസുകളില്‍ ഉള്‍പ്പെടെ നിരവധി വിവാഹ തട്ടിപ്പ്, മോഷണ കേസുകളിലെ പ്രതിയാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!