ഭിന്നശേഷിക്കാർക്കായി എൻ.എസ്.എസിന്റെ ‘പ്രഭ’ പദ്ധതി

കണ്ണൂർ : ഭിന്നശേഷി വിദ്യാർഥികൾക്കും അവരുടെ കുടുബത്തിനും താങ്ങാവുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് എൻ.എസ്.എസ്, സമഗ്ര ശിക്ഷ തളിപ്പറമ്പ് ബി.ആർ.സി എന്നിവ ചേർന്ന് സംഘടിപ്പിക്കുന്ന ‘പ്രഭ’ പദ്ധതിക്ക് തുടക്കമായി.
മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷൻ വി.കെ. സുരേഷ് ബാബു നിർവഹിച്ചു. സമഗ്ര ശിക്ഷ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. രമേശൻ കടൂർ അധ്യക്ഷത വഹിച്ചു.
വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച കളിയിടം തിയേറ്റർ ഗെയിം ശ്രീജിത്ത് വെള്ളുവയൽ, മധു കാഞ്ഞിലേരി എന്നിവർ നയിച്ചു. എൻ.എസ്.പി.എ.സി അംഗം സി.വി. ഹരീഷ് കുമാർ പദ്ധതി വിശദീകരിച്ചു. പി.ടി.എ പ്രസിഡണ്ട് സി പദ്‌മനാഭൻ, സ്റ്റാഫ് സെക്രട്ടറി കെ.സി. സുനിൽ, ബി.പി.സി ഗോവിന്ദൻ എടാടത്തിൽ, പ്രോഗ്രാം ഓഫീസർ സി.കെ. സജിത എന്നിവർ സംസാരിച്ചു.
വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം ഹയർ സെക്കൻഡറി ജില്ലാ കോ-ഓർഡിനേറ്റർ എം.കെ. അനൂപ് കുമാർ നിർവഹിച്ചു. വിദ്യാർഥികളുടെ കലാപരിപാടിയും അരങ്ങേറി.