ഒടുവിൽ ബി.ജെ.പിക്ക് വഴങ്ങി, പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിയുടെയും ഫോട്ടോ ബോർഡുകൾ സ്ഥാപിച്ചു

പരിയാരം: ബി.ജെ.പിയുടെ പ്രതിഷേധം ഫലം കണ്ടു, ഒടുവിൽ സംഘാടകർ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സ്‌പോർട്സ് മന്ത്രി അനുരാഗ് താക്കൂറിന്റെയും പടങ്ങൾ വച്ച ബോർഡുകൾ സ്ഥാപിച്ച് വിവാദങ്ങളിൽ നിന്ന് തലയൂരി.
കേന്ദ്ര സർക്കാറിന്റെ ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി 6.94 കോടി രൂപ ഉപയോഗിച്ചാണ് ട്രാക്ക് നിർമ്മിച്ചത്. ഇതിന്റെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രിമാരെ ക്ഷണിക്കണമെന്നും ബോർഡുകളിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ വെക്കണമെന്നുമുള്ള ബി.ജെ.പിയുടെ ആവശ്യം സംഘാടകർ നിരാകരിച്ചത് വിവാദമാകുകയും ബി.ജെ.പി ചടങ്ങ് ബഹിഷ്‌ക്കരിക്കുകയും ചെയ്തിരുന്നു.
ഇന്നലെ രാവിലെ തന്നെ ബി.ജെ.പി മാടായി മണ്ഡലം കമ്മിറ്റി മെഡിക്കൽ കോളേജ് കവാടത്തിൽ തന്നെ പദ്ധതി അനുവദിച്ചതിൽ പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങൾ പ്രഖ്യാപിച്ച് ബോർഡ് സ്ഥാപിച്ചിരുന്നു.
പൂർണമായും കേന്ദ്ര പദ്ധതിയിൽ പണിതീർത്ത സിന്തറ്റിക്ക് ട്രാക്ക് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയുടെയും സ്‌പോർട്സ് മന്ത്രിയുടെയും ഫോട്ടോകൾ ബോർഡുകളിൽ വെക്കാതിരിക്കുന്നത് ശരിയല്ലെന്ന് ഉന്നത നിർദ്ദേശം ലഭിച്ചതോടെയാണ് മുഖ്യമന്ത്രിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സ്‌പോർട്സ് മന്ത്രി അനുരാഗ് താക്കൂറിന്റെയും ഫോട്ടോവച്ച് ബോർഡ് ഉയർന്നത്.
തങ്ങളുടെ പ്രതിഷേധം വിജയിച്ചെന്ന് ബി.ജെ.പിയും, ബി.ജെ.പിയുടെ മുതലെടുപ്പ് പരാജയപ്പെടുത്തിയെന്ന് പറഞ്ഞ് സി.പി.എമ്മും സ്വയം ആശ്വസിക്കുകയാണ്.