വാട്‌സാപ്പിലുമെത്തി വ്യാജൻ; വാട്‌സാപ്പ് ചാനലുകളിൽ ആര്‍.ഡി.എക്‌സ് ഉള്‍പ്പെടെയുള്ള സിനിമകളുടെ വ്യാജപതിപ്പുകൾ

അടൂര്‍: 24-ന് പുലര്‍ച്ചെ 12 മണിക്കാണ് ആര്‍.ഡി.എക്‌സ്. എന്ന മലയാള ചിത്രം ഒ.ടി.ടി. റിലീസ് ചെയ്യുന്നത്. തൊട്ടുപിന്നാലെ ഇതിന്റെ വ്യാജമായി കോപ്പിചെയ്ത പതിപ്പുകള്‍ ടൊറന്റിലും ടെലിഗ്രാമിലും എത്തി. ഒപ്പം, ഇത്തവണ വാട്‌സാപ്പ് ചാനലിലുമെത്തി ഡൗണ്‍ലോഡ് ലിങ്കുകള്‍. വാട്‌സാപ്പിന്റെ പുതിയ ഫീച്ചറായ ചാനല്‍ ജനങ്ങളിലേക്ക് എത്തിത്തുടങ്ങിയിട്ട് രണ്ടാഴ്ചയാകുന്നതേയുള്ളൂ. ഇതിനകം തന്നെ വ്യാജന്മാര്‍ അതിന്റെ പുതിയ സാധ്യതകള്‍ കണ്ടെത്തി.
വ്യക്തികള്‍ക്കോ കമ്പനികള്‍ക്കോ പുതിയ വിവരങ്ങളും അറിയിപ്പുകളും എളുപ്പത്തില്‍ ഒരുപാട് ആളുകളിെേലക്കത്തിക്കാനുള്ള സംവിധാനമായാണ് വാട്‌സാപ്പ് ചാനലുകള്‍ വന്നിട്ടുള്ളത്. എന്നാല്‍, പുതിയ സിനിമകളുടെ ഡൗണ്‍ലോഡ് ലിങ്കുകള്‍ എളുപ്പം ഒരുപാട് ആളുകളിെേലക്കത്തിക്കാനുള്ള സംവിധാനമായാണ് വ്യാജന്മാര്‍ ഇതിനെ ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നത്.
നിലവില്‍ ഒ.ടി.ടി. പടങ്ങളുടെ കോപ്പികളാണ് വരുന്നത്. അവരുടെ ചാനലില്‍ വരുന്ന ലിങ്കില്‍ ക്ലിക്കുചെയ്താല്‍ ബ്രൗസര്‍ ഓപ്പണായി ഫയല്‍ ഡൗണ്‍ലോഡാകും.
വാട്‌സാപ്പ് ഉപയോഗിക്കാനറിയാവുന്ന ആര്‍ക്കും എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന രീതി. ഈ സ്ഥിതിയാണെങ്കില്‍, താമസിയാതെ സിനിമകളുടെ തിയേറ്റര്‍ പ്രിന്റുകളും എത്തിത്തുടങ്ങിയേക്കും. ‘മാറ്റിനി നൗ’ എന്ന പേരിലാണ് ഇപ്പോള്‍ വാട്‌സാപ്പില്‍ ഒരു വ്യാജചാനല്‍ പ്രചരിക്കുന്നത്.
യഥാര്‍ഥത്തില്‍ യൂട്യൂബില്‍ ഈ പേരില്‍ ഒരു ചാനലുണ്ട്. അവര്‍ക്ക് ഔദ്യോഗികമായി വാട്‌സാപ്പ് ചാനലുമുണ്ട്. ഇതേപേരില്‍ വ്യാജചാനലുണ്ടാക്കിയതിന് നടപടിക്കൊരുങ്ങുകയാണ്, ഈ യൂട്യൂബ് ചാനലിന്റെ ഉടമയും മുന്‍കാല നിര്‍മാതാവുമായ സോമദത്തന്‍പിള്ള.
ടെലിഗ്രാമിന്റെ വഴിയേ വാട്‌സാപ്പും
വാട്സാപ്പ് പോലെതന്നെ ആശയവിനിമയം നടത്താന്‍ ആരംഭിച്ച ആപ്ലിക്കേഷനാണ് ടെലിഗ്രാമും. എന്നാല്‍, മെസേജുകള്‍ അയയ്ക്കുന്നതിനെക്കാള്‍, ഫയലുകള്‍ കൈമാറ്റം ചെയ്യാനാണ് ആളുകള്‍ വ്യാപകമായി ഉപയോഗിച്ചത്. ഒടുവില്‍, സിനിമകളുടെ വ്യാജപതിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള പ്രധാന ആപ്ലിക്കേഷനായും ഇത് മാറി.
ടെലിഗ്രാം ചാനലുകളുടെ അഡ്മിന്‍മാരെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കില്ല എന്ന സാധ്യതതന്നെയാണ് വ്യാജന്മാര്‍ വ്യാപകമായി ഉപയോഗിച്ചത്. ഇപ്പോള്‍ ഇതേസാധ്യതയാണ് വാട്‌സാപ്പ് ചാനലിലൂടെയും വ്യാജന്മാര്‍ക്ക് തുറന്നുകിട്ടുന്നത്.