കരിവെള്ളൂർ സ്‌കൂളിലെ സൈക്കിൾ സവാരിക്കാർ

കരിവെള്ളൂർ: പാഠപുസ്തകത്തിന് പുറത്ത് ആരോഗ്യപ്രദമായ ഒരു ജീവിതശൈലികൂടി പഠിക്കുകയാണ് കരിവെള്ളൂർ എ. വി സ്‌മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ മിടുക്കർ. ആരോഗ്യമുള്ള ശരീരവും മനസും നേടാനുള്ള യാത്രകളാണ് ഇവരെ വ്യത്യസ്‌തമാക്കുന്നത്.
സ്‌കൂളിലേക്കും തിരിച്ചുമുള്ള ഈ യാത്രകളിൽ ഇവർക്ക് കൂട്ടാവുന്ന സൈക്കിളുകളാണ് താരം. പാഠ്യ പാഠ്യേതര വിഷയങ്ങളിലെ മുന്നേറ്റങ്ങൾക്കൊപ്പം കുട്ടികളുടെ ആരോഗ്യവും അച്ചടക്കവും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തിന് സർവപിന്തുണയുമായി സ്‌കൂൾ അധികൃതരും ഒപ്പമുണ്ട്.
8 മുതൽ പ്ലസ്‌ടുവരെയുള്ള ക്ലാസുകളിലായി 1560 കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത്. ഇവരിൽ 1300ലധികം കുട്ടികളും സൈക്കിളിലാണ് യാത്ര. പ്രവൃത്തിദിനങ്ങളിൽ ദേശീയപാതയിൽനിന്ന് നോക്കിയാൽ സ്‌കൂൾ ഗ്രൗണ്ടിൽ നിരനിരയായി നിർത്തിയിട്ടിരിക്കുന്ന സൈക്കിളുകൾ കാണാം. ദേശീയപാതയിൽ സ്‌കൂൾ സമയത്ത് സൈക്കിൾ യാത്ര നിയന്ത്രിക്കാൻ പൊലീസ് ഹോം ഗാർഡിനൊപ്പം സ്‌റ്റുഡന്റ്സ് പൊലീസ് കാഡറ്റുകളും സഹായികളാകും.
സ്‌കൂൾബസില്ലാത്ത അപൂർവം സ്‌കൂളുകളിൽ ഒന്നാണിത്. അപേക്ഷ നൽകിയാൽ പ്രഥമ പരിഗണന നൽകി ബസ് ലഭിക്കാനും സാഹചര്യമുണ്ടായിട്ടും എന്തുകൊണ്ടാണ് ബസില്ലാത്തത് എന്ന ചോദ്യത്തിന് ഒരുത്തരമേ സ്‌കൂൾ പിടിഎ കമ്മിറ്റിക്ക് നൽകാനുള്ളു. ‘കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് സൈക്കിൾയാത്ര ഏറെ ഗുണംചെയ്യും’.
അമിതസമ്മർദം, വിഷാദം, ഉത്കണ്ഠപോലുള്ള മാനസിക പ്രശ്നങ്ങൾ കുറക്കാൻ സൈക്കിൾയാത്ര സഹായിക്കും. സൈക്കിൾ ഓടിക്കുമ്പോൾ രക്തചംക്രമണം വർധിക്കുന്നതിൽ കുട്ടികൾക്ക് ഒരു ദിവസം മുഴുവൻ ക്ലാസിൽ ഊർജസ്വലരായും ഏകാഗ്രതയോടെയും ക്ലാസിലിരിക്കാനും കഴിയുമെന്നും ഇവർ പറയുന്നു.