ഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം

Share our post

കൊച്ചി: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് പ്രതിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രതിയെ ഇനിയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍വെയ്‌ക്കേണ്ടന്ന് വിലയിരുത്തിയാണ് കോടതി ജാമ്യം നല്‍കിയത്.

അതിനിടെ, കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്കു മാറ്റണമെന്ന ഹര്‍ജി പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. കേസിലെ മറ്റുപ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍കുമാര്‍ എന്നിവര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

കാമുകനായിരുന്ന പാറശ്ശാല, സമുദായപ്പറ്റ്, ജെ.പി. ഭവനില്‍ ജയരാജിന്റെ മകന്‍ ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയാണ് തമിഴ്നാട്ടിലെ ദേവിയോട്, രാമവര്‍മന്‍ചിറ, പൂമ്പള്ളിക്കോണം, ശ്രീനിലയത്തില്‍ ഗ്രീഷ്മ. ഷാരോണിനെ ഒഴിവാക്കാനായാണ് ഗ്രീഷ്മയും ബന്ധുക്കളും ചേര്‍ന്ന് കൃത്യം ആസൂത്രണം ചെയ്തത്.

2022 ഒക്ടോബറിലായിരുന്നു സംഭവം. വീട്ടിലേക്ക് വിളിച്ചുവരുത്തിയ ഷാരോണിനെ വിഷംകലര്‍ത്തിയ കഷായം കുടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അവശനിലയിലായ ഷാരോണ്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-നാണ് മരിച്ചത്.

ഷാരോണിന്റെ കുടുംബം പാറശ്ശാല പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 30-ന് ഗ്രീഷ്മയെയും 31-ന് അമ്മ സിന്ധുവിനെയും അമ്മാവന്‍ നിര്‍മല്‍കുമാറിനെയും അറസ്റ്റുചെയ്തത്.

പോലീസിന്റെ ചോദ്യംചെയ്യലില്‍ മൂവരും കുറ്റംസമ്മതിച്ചു.ഇതിന് മുന്‍പ് ജ്യൂസില്‍ ഗുളിക കലര്‍ത്തിയും പ്രതി യുവാവിനെ കൊല്ലാന്‍ ശ്രമിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന ഗ്രീഷ്മയെ ഒരാഴ്ച മുന്‍പാണ് മാവേലിക്കര വനിതാ ജയിലിലേക്ക് മാറ്റിയത്. നേരത്തെ സഹതടവുകാര്‍ ഗ്രീഷ്മയ്‌ക്കെതിരേ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ജയില്‍സൂപ്രണ്ട് കോടതിയില്‍ സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജയില്‍മാറ്റാന്‍ കോടതി ഉത്തരവിട്ടത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!