അന്തർ ദേശീയ മത്സരത്തിലേക്ക് പറക്കാൻ ദീർഘദൂര ഓട്ടക്കാരന് സഹായം വേണം
പേരാവൂർ : ദുബായിൽ നടക്കുന്ന ഇന്റർ നാഷണൽ മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയ പേരാവൂർ സ്വദേശി സാമ്പത്തിക ബുദ്ധിമുട്ട് കാരണം സഹായം തേടുന്നു. ദീർഘദൂര ഓട്ടക്കാരൻ പേരാവൂർ ചെവിടിക്കുന്നിലെ രഞ്ജിത്ത് മാക്കുറ്റിയാണ് സുമനസുകളിൽ നിന്ന് സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ നാലുവർഷമായി ശ്രീലങ്ക,സ്‌പെയിൻ, മലേഷ്യ, സിങ്കപ്പൂർ എന്നിവിടങ്ങളിൽ നടന്ന ഇന്റർ നാഷണൽ മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചെങ്കിലും സാമ്പത്തിക പരാധീനത കാരണം പങ്കെടുത്തിരുന്നില്ല.നിർമാണ തൊഴിലാളിയായ രഞ്ജിത്ത് 15 ദേശീയ മെഡലും അത്രയും തന്നെ സംസ്ഥാന മെഡലും നേടിയിട്ടുണ്ട്. സ്വന്തമായാണ് പരിശീലനം. സ്കൂൾ പഠനകാലത്ത് അത്ലറ്റിക്സിലും, ഫുട്ബോളിലും മികവ് തെളിയിച്ച രഞ്ജിത്ത് വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ചെറിയ പ്രായത്തിൽ പഠനം ഉപേക്ഷിച്ചു. ഗ്രീൻ പേരാവൂർ മാരത്തണിൽ നിന്നുമാവേശം ഉൾകൊണ്ടാണ് ഈ പ്രായത്തിലും കായിക രംഗത്തേക്കുള്ള തിരിച്ചു വരവ് നടത്തിയത്. നിരവധി സംസ്ഥാന ദേശിയ മെഡലുകൾ ദീർഘദൂര ഓട്ടത്തിൽ കുറഞ്ഞ കാലംകൊണ്ട് സ്വന്തമാക്കിയിട്ടുണ്ട്.
ഒക്ടോബർ 27 മുതൽ 29 വരെ ദുബായിൽ നടക്കുന്ന ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കാൻ 75000 രൂപ ചിലവ് വരും. നിരവധി തവണ ഇന്റർ നാഷണൽ മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടമായ രഞ്ജിത്തിന് ഒരു തവണയെങ്കിലും ഇന്റർനാഷണൽ ഷിപ്പിൽ പങ്കെടുക്കുക എന്നതാണ് ഏറ്റവും വലിയ ആഗ്രഹം. 10000, 5000, 1500, 800, 4 × 400 റിലെ എന്നിവയിലാണ് രഞ്ജിത്ത് പങ്കെടുക്കുക. ഇതിനായി സ്പോൺസർമാരെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് രഞ്ജിത്ത്. സഹായിക്കാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക.ഫോൺ: 9526633852.
