എം.ഡി.എം.എ.യുമായി വടകര സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ
കുറ്റ്യാടി : തൊട്ടിൽപ്പാലം ചാത്തങ്കോട്ട് നടയിൽ ലഹരി മരുന്നുമായി വടകര പതിയാരക്കര സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ. പതിയാരക്കര മുതലോളി ജിതിൻ ബാബു (32), ഭാര്യ സ്റ്റെഫി (32) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 96.44 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ശനി രാത്രി കുറ്റ്യാടി ചുരം ഭാഗത്ത് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. ബംഗളൂരുവിൽനിന്ന് കൊണ്ടുവന്ന എം.ഡി.എം.എ വടകരയിൽ വിൽപ്പന നടത്താനായിരുന്നു പദ്ധതി. സംശയം തോന്നാതിരിക്കാൻ നാലുവയസ്സുള്ള കുഞ്ഞിനെയും പ്രതികൾ ഒപ്പം കൂട്ടിയിരുന്നു. ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും തൊട്ടിൽപ്പാലം സി.ഐ കെ. ഉണ്ണികൃഷ്ണനുമാണ് വാഹന പരിശോധന നടത്തിയത്. പ്രതികളെ വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ്‌ചെയ്തു. കുറ്റ്യാടി ചുരം വഴി വൻതോതിൽ ലഹരിവസ്തുക്കൾ കടത്തുന്നുണ്ടെന്ന് നേരത്തെ പൊലീസിന് വിവരം ലഭിച്ചിരുന്നു.