വൈറലാകുന്ന ഫോട്ടോ ലാബ് ആപ്പ് ‘ആപ്പാ’കുമോ

Share our post

എഡിറ്റിംഗ് ആപ്പുകൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്ന കാലമാണിത്. എ ഐയുടെ വരവോടുകൂടി എഡിറ്റിംഗ് ആപ്പുകളിലും വിപ്ലവാത്മകമായ മാറ്റങ്ങൾ സംഭവിച്ച് തുടങ്ങി. ഇപ്പോഴിതാ അത്തരമൊരു എഡിറ്റിംഗ് ആപ്പ് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ഫോട്ടോ ലാബ് എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് കുറഞ്ഞ ദിവസം കൊണ്ട് ഉപയോഗിച്ചത് ലക്ഷക്കണക്കിനാളുകളാണ്.

നാം എടുക്കുന്ന ഫോട്ടോകൾ പെയിന്റിങ് ചെയ്തത് പോലെയാക്കുകയാണ് ഫോട്ടോ ലാബ് ചെയ്യുന്നത്. എന്നാൽ ഈ ആപ്പുകൾ ഉയർത്തുന്ന സുരക്ഷാ ഭീഷണിയെക്കുറിച്ചും ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. ഫോട്ടോ ലാബിൽ സ്വന്തം ചിത്രങ്ങൾ കൊടുക്കുന്നതോടെ ഇത് ഡാറ്റ ചോർച്ചയ്ക്ക് കാരണമാകുമെന്ന് പറയപ്പെടുന്നു. ഇത്തരത്തിലുള്ള നിരവധി ആപ്പുകൾ നേരത്തെ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അവയെല്ലാം നമ്മുടെ ഡാറ്റ സുരക്ഷയെ ബാധിക്കുന്നവയായിരുന്നു.

ഡിജിറ്റൽ ഫോട്ടോഗ്രാഫുകൾ വിഷ്വലി മെച്ചപ്പെടുത്താൻ സഹായിക്കുന്ന നിരവധി ടൂളുകളും ഇഫക്ടുകളും അടങ്ങിയ ഒരു ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറാണ് ഫോട്ടോ ലാബ്. ഇത് വഴി ആളുകൾക്ക് അവരുടെ ഫോട്ടോകൾ എഡിറ്റ് ചെയ്യാനും റീടച്ച് നൽകാനും കഴിയും. നിരവധിയായുള്ള ഫിൽട്ടറുകൾ, ഫേസ് ഇഫക്‌റ്റുകൾ, ആർട്ട് ഫ്രെയിമുകൾ എന്നിവയെല്ലാം ഫോട്ടോ ലാബിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഫോട്ടോ ലാബിലേക്ക് ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുക മാത്രമാണ് നാം ചെയ്യേണ്ടത്. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലെ ലൈൻ റോക്കറ്റ് ഇൻവെസ്റ്റ്മെൻറ്സ് ആണ് ഈ ആപ്പിന് പിന്നിൽ. 100 മില്യണുമേൽ ഉപഭോക്താക്കൾ ഇപ്പോൾ തന്നെ ആപ്പ് ഉപയോഗിച്ച് കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. കൗതുകത്തിനപ്പുറം ഈ ആപ്പുകൾ ഉയർത്തുന്ന സുരക്ഷ ഭീഷണി വലുതാണ്. ഈ സാഹചര്യത്തിൽ ഇത്തരം ആപ്പുകൾ എത്രമാത്രം സുരക്ഷിതത്വമാണ് ഉറപ്പ് തരുന്നത് എന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് നന്നായിരിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!