രണ്ടു ദിവസം മുമ്പ് കാണാതായ പ്ലസ് വൺ വിദ്യാര്‍ഥിനി കിണറ്റില്‍ മരിച്ച നിലയിൽ
തൃശ്ശൂര്‍: കാട്ടൂരില്‍ കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടൂര്‍ വഴക്കല അര്‍ജുനന്‍-ശ്രീകല ദമ്പതിമാരുടെ മകള്‍ ആര്‍ച്ചയെയാണ് വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്.
വെള്ളിയാഴ്ച മുതലാണ് വിദ്യാര്‍ഥിനിയെ കാണാതായത്. തുടര്‍ന്ന് തിരച്ചില്‍ നടക്കുന്നതിനിടെയാണ് ഞായറാഴ്ച രാവിലെ കിണറ്റില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്.
ചെന്ത്രാപ്പിന്നി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ആര്‍ച്ച. വെള്ളിയാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാതായതോടെ കുടുംബം കാട്ടൂര്‍ പോലീസിലും പരാതി നല്‍കിയിരുന്നു.
വീട്ടില്‍ നിന്ന് എവിടേക്കെങ്കിലും പോയെന്ന് കരുതി ആലപ്പുഴ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ബന്ധുക്കളും പോലീസും അന്വേഷണം നടത്തിയിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച രാവിലെ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ കാട്ടൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഞായറാഴ്ച വൈകിട്ടോടെയായിരിക്കും സംസ്‌കാരം.
