പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രി മുഖ്യമന്ത്രി ഞായറാഴ്ച നാടിന് സമര്‍പ്പിക്കും

Share our post

പയ്യന്നൂര്‍: ഗവ. താലൂക്കാശുപത്രി കെട്ടിടം ഞായറാഴ്ച (സെപ്തംബര്‍ 24) രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിക്കും.
സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി 104 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനാണ് തയ്യാറാക്കിയത്. ഇതില്‍ 56 കോടി രൂപ കെട്ടിട നിര്‍മാണത്തിനും 22 കോടി രൂപ ഉപകരണങ്ങള്‍ ഒരുക്കുന്നതിനും, ബാക്കി തുക അനുബന്ധ സൗകര്യങ്ങള്‍ക്കുമാണ് നീക്കി വെച്ചത്.

79452 ചതുരശ്ര അടിയില്‍ ഏഴ് നിലകളിലായാണ് കെട്ടിടം നിര്‍മിച്ചത്. താഴത്തെ നിലയില്‍ അത്യാഹിത വിഭാഗം, ഇ സി ജി, ജീവിതശൈലി രോഗ നിയന്ത്രണ വിഭാഗങ്ങള്‍, ഡിജിറ്റല്‍ എക്‌സ് റേ, സി ടി സ്‌കാന്‍ എന്നിവ പ്രവര്‍ത്തിക്കും. ഒന്നാം നിലയില്‍ കുട്ടികളുടെ വാര്‍ഡ്, കുട്ടികളുടെ ഐ സി യു, രണ്ടാം നിലയില്‍ സ്ത്രീകളുടെ വാര്‍ഡ്, മെഡിക്കല്‍ ഐ സി യു, മൂന്നാം നിലയില്‍ പ്രസവമുറി, ഗൈനക് ഓപ്പറേഷന്‍ തിയറ്റര്‍, പ്രസവാനന്തര ശസ്ത്രക്രിയ വാര്‍ഡ് എന്നിവയും സജ്ജീകരിച്ചു.

നാലാം നിലയില്‍ പുരുഷന്മാരുടെ വാര്‍ഡ്, പുനരധിവാസ കേന്ദ്രം, സെമിനാര്‍ ഹാള്‍ എന്നിവയാണുള്ളത്. അഞ്ചാം നിലയില്‍ പുരുഷന്മാരുടെ സര്‍ജിക്കല്‍ വാര്‍ഡ്, സ്ത്രീകളുടെ സര്‍ജിക്കല്‍ വാര്‍ഡ്, സര്‍ജിക്കല്‍ ഐ. സി .യു എന്നീ സൗകര്യങ്ങളും, ആറാം നിലയില്‍ ഓപ്പറേഷന്‍ തിയറ്റര്‍, ശസ്ത്രക്രിയനാന്തര വാര്‍ഡ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. ഏഴാം നിലയില്‍ ലബോറട്ടറി പരിശോധന സൗകര്യവും സെന്‍ട്രല്‍ സ്റ്റെറൈല്‍ ഡിപ്പാര്‍ട്‌മെന്റും സജ്ജീകരിച്ചിട്ടുണ്ട്.

ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡ് ഇന്‍ഫ്രാടെക് സര്‍വീസ് ലിമിറ്റഡാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കൊച്ചിയിലെ ക്രസന്റ് ബില്‍ഡേഴ്സിനാണ് കരാര്‍. കെ.എസ്.ഇ.ബിയുടെ സഹകരണത്തോടെ ഓട്ടോമേറ്റഡ് ആര്‍എംയു റിംഗ് മെയിന്‍ യൂണിറ്റ് സംവിധാനം ഉപയോഗപ്പെടുത്തി വൈദ്യുതി വിതരണ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ഇതിനായി പയ്യന്നൂര്‍ പെരുമ്പ സബ്‌സ്റ്റേഷനില്‍ നിന്ന് നേരിട്ട് ഭൂഗര്‍ഭ കേബിള്‍ വഴി വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. 168000 ലിറ്റര്‍ സംഭരണശേഷിയുള്ള മഴവെള്ള സംഭരണി, അത്യാധുനിക രീതിയിലുള്ള മാലിന്യ നിര്‍മാര്‍ജ്ജന പ്ലാന്റ് എന്നിവയും സജ്ജമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!