മറ്റാരും തുറക്കില്ല, വാട്‌സാപ്പില്‍ പാസ് കീ സുരക്ഷയൊരുക്കാന്‍ മെറ്റ
ഫോണിലെ ബയോമെട്രിക് സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പാസ് കീ ലോഗിന്‍ സൗകര്യം വാട്‌സാപ്പ് പരീക്ഷിക്കുന്നു. പാസ് വേഡുകളില്ലാതെ ആപ്പിന്റെ സുരക്ഷ ഉറപ്പാക്കാനും ആളുകള്‍ക്ക് പാസ് വേഡുകള്‍ ഓര്‍ത്തുവെക്കേണ്ട പ്രയാസം ഒഴിവാക്കാനും ഇതുവഴി സാാധിക്കും.
ഗൂഗിളും, ആപ്പിളും തങ്ങളുടെ വെബ് ബ്രൗസറുകളില്‍ ഇതിനകം പാസ്‌കീ സംവിധാനം അവതരിപ്പിച്ചിട്ടുണ്ട്. മെറ്റയെ പോലുള്ള കമ്പനികളും പാസ് വേഡുകള്‍ ഒഴിവാക്കാനുള്ള ശ്രമങ്ങളിലാണ്.
വാട്‌സാപ്പില്‍ പാസ് കീ സംവിധാനം വരുന്നതോടെ നിങ്ങളുടെ അനുവാദമില്ലാതെ മറ്റാര്‍ക്കും വാട്‌സാപ്പ് തുറക്കാന്‍ സാധിക്കുകയില്ല. ഐഫോണിലെ ഏക ബയോമെട്രിക് സംവിധാനമായ ഫേസ് ഐഡി സംവിധാനവും ഇത് പിന്തുണയ്ക്കും. നിലവില്‍ വാട്‌സാപ്പിന്റെ ബീറ്റ വേര്‍ഷനില്‍ മാത്രമാണ് പാസ്‌കീ ഫീച്ചര്‍ ലഭിക്കുക.
ഓണ്‍ ഡിവൈസ് ഒതന്റിക്കേഷന് വേണ്ടിയാണ് ഗൂഗിള്‍ പാസ് കീകള്‍ അനുവദിക്കുന്നത്. ഈ പാസ്‌കീ തന്നെയാണ് വാട്‌സാപ്പും ഉപയോഗിക്കുക. വാട്‌സാപ്പിന്റെ മള്‍ട്ടിപ്പിള്‍ ഡിവൈസ് ലോഗിന് അടക്കം ഇത് ഉപയോഗിക്കും. നിലവില്‍ ചുരുക്കം ചില ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളതെന്ന് വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ടില്‍ പറയുന്നു.
ബീറ്റാ പതിപ്പില്‍ വന്ന ഫീച്ചറുകള്‍ സാധാരണ ചുരുക്കം ചില മാസങ്ങള്‍ക്കുള്ളില്‍ വാട്‌സാപ്പിന്റെ സ്റ്റേബിള്‍ വേര്‍ഷനില്‍ എത്താറുണ്ട്.
അതേസമയം വാട്‌സാപ്പ് ഒരു പ്രത്യേക ഐപാഡ് ആപ്പ് നിര്‍മിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മാക്ക് ഒഎസ്, വെബ് വെര്‍ഷനുകള്‍ക്ക് സമാനമായിരിക്കും ഇത്. ഇതില്‍ ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ ഉണ്ടായിരിക്കില്ല. എന്നാല്‍ വീഡിയോ ഓഡിയോ കോള്‍ സൗകര്യമുണ്ടാവും.
വാട്‌സാപ്പില്‍ നിന്ന് വരുമാനം കണ്ടെത്താനുള്ള കഠിന ശ്രമങ്ങളിലാണ് കമ്പനി. ഇതിന്റെ ഭാഗമായി വാട്‌സാപ്പില്‍ പരസ്യങ്ങള്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ഇത് നിഷേധിച്ചു. അതേസമയം വാണിജ്യ സ്ഥാപനങ്ങളെ ഉപഭോക്താക്കളുമായി നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ സേവനങ്ങള്‍ക്ക് വാട്‌സാപ്പ് തുടക്കമിട്ടിട്ടുണ്ട്.
