കോവിഡ്‌ മരണം: മലയാളി ആരോഗ്യപ്രവര്‍ത്തകയ്ക്ക് ഒരു കോടി നഷ്ടപരിഹാരം

Share our post

ഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ചു മരിച്ച മലയാളി ആരോഗ്യപ്രവര്‍ത്തകയുടെ കുടുംബത്തിനു ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധിച്ചു. ഡല്‍ഹി മെഡിയോര്‍ ആശുപത്രിയിലെ രക്തബാങ്ക് മാനേജരായിരുന്ന പത്തനംതിട്ട സ്വദേശിനി റേച്ചല്‍ ജോസഫിന്റെ കുടുംബത്തിനു ഡല്‍ഹി സര്‍ക്കാര്‍ ഒരു കോടി രൂപ നല്‍കണമെന്നാണു വിധി. 2020 ജൂണില്‍ ആദ്യ തരംഗത്തിനിടെ കൊവിഡ് പോസിറ്റീവായാണു റേച്ചല്‍ മരിച്ചത്.

കൊവിഡ് ജോലിക്കിടെ ജീവന്‍ നഷ്ടമാകുന്ന ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും മെഡിയോറിലെ ബ്ലഡ് ബാങ്ക് ക്വാളിറ്റി മാനേജര്‍ ആന്‍ഡ് സൂപ്പര്‍വൈസറായിരുന്ന റേച്ചലിനെ കൊവിഡ് ജോലിക്കു നിയോഗിച്ചില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.

ഇതിനെതിരെ റേച്ചലിന്റെ ഭര്‍ത്താവ് ജോസഫ് വര്‍ഗീസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നിന്നു. ബ്ലഡ് ബാങ്കിന്റെ ചുമതലയിലുണ്ടായിരുന്ന റേച്ചലിനെ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ചില്ല, ബ്ലഡ് ബാങ്ക് പ്രവര്‍ത്തനം കൊവിഡ് ചികിത്സയില്‍ വരില്ല തുടങ്ങിയ വാദങ്ങളും സര്‍ക്കാര്‍ ആവര്‍ത്തിച്ചു.

തുടര്‍ന്നു കുടുംബം വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. കൊവിഡ് ആശുപത്രിയായി പ്രഖ്യാപിച്ചിരിക്കെ ജീവനക്കാരെല്ലാം കൊവിഡ് പോരാളികളാകും,രക്തബാങ്കിന്റെ പ്രവര്‍ത്തനം പ്രധാനമായ പ്ലാസ്മ ചികിത്സ ഡല്‍ഹി ആരോഗ്യമന്ത്രി ഉള്‍പ്പെടെ സ്വീകരിച്ചതാണ് തുടങ്ങിയ വാദങ്ങള്‍ ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ഉന്നയിച്ചു. മൂന്നാംവട്ട ഹര്‍ജിയില്‍ വീണ്ടും കോടതി അഭിപ്രായം തേടിയതോടെ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!