മുഖ്യമന്ത്രിയും മന്ത്രിമാരും140 മണ്ഡലങ്ങളില്‍ പര്യടനത്തിന്

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി താഴേത്തട്ടിലിറങ്ങി ജനങ്ങളോട് സംവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയായി 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലും പര്യടനത്തിനാണ് മന്ത്രിസഭാ തീരുമാനം.
നവകേരള നിര്‍മ്മിതിയുടെ ഭാഗമായി സര്‍ക്കാരുണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയാനാണ് പര്യടനമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും, മണ്ഡലങ്ങളില്‍ ബഹുജന സദസും നടത്തും. ഒരു ദിവസം നാല് മുതല്‍ അഞ്ച് വരെ മണ്ഡലങ്ങളില്‍ പര്യടനമുണ്ടാകും.
നവംബര്‍ 18ന് മഞ്ചേശ്വരത്ത് തുടക്കം കുറിക്കും. ഓരോ മണ്ഡലത്തിലും എം.എല്‍.എമാര്‍ നേതൃത്വം വഹിക്കും. സംഘാടക സമിതി രൂപീകരണം മണ്ഡലാടിസ്ഥാനത്തില്‍ ഈ മാസം നടത്തും. പരിപാടി വിജയിപ്പിക്കുന്നതിന് ജനപ്രതിനിധികളും സഹകരണ സ്ഥാപനങ്ങളും തൊഴിലാളികളും കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും മഹിളകളും വിദ്യാര്‍ത്ഥികളുമടങ്ങുന്ന ബഹുജന സദസ്സുകള്‍ ആസൂത്രണം ചെയ്യും. കലാപരിപാടികളും സംഘടിപ്പിക്കും.
മണ്ഡലം സദസ്സില്‍ പ്രത്യേകം ക്ഷണിതാക്കളായി സ്വാതന്ത്ര്യസമര സേനാനികള്‍, വിവിധ മേഖലകളിലെ പ്രമുഖര്‍, മഹിളാ, യുവജന, വിദ്യാര്‍ത്ഥി വിഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍, കോളേജ് യൂണിയൻ ഭാരവാഹികള്‍, പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തിലെ പ്രതിഭകള്‍, കലാകാരന്മാര്‍, സെലിബ്രിറ്റികള്‍, വിവിധ അവാര്‍ഡ് ജേതാക്കള്‍, തെയ്യം കലാകാരന്മാര്‍, സാമുദായിക സംഘടനകളിലെ നേതാക്കള്‍, മുതിര്‍ന്ന പൗരന്മാരുടെ പ്രതിനിധികള്‍, സംഘടനാ പ്രതിനിധികള്‍, കലാ സാംസ്‌കാരിക സംഘടനകള്‍, ആരാധനാലയങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പരിപാടി വിജയിപ്പിക്കാനാവശ്യമായ കാര്യങ്ങള്‍ക്ക് ചീഫ് സെക്രട്ടറിയെയും, സംസ്ഥാന തല കോ-ഓര്‍ഡിനേറ്ററായി പാര്‍ലമെന്ററികാര്യ മന്ത്രിയെയും ചുമതലപ്പെടുത്തി. ജില്ലകളില്‍ പരിപാടി സംഘടിപ്പിക്കുന്നതിനുള്ള ചുമതല അതത് ജില്ലകളിലെ മന്ത്രിമാര്‍ക്കായിരിക്കും. മന്ത്രിമാരില്ലാത്ത ജില്ലകളുടെ ചുമതല ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരെ ഏല്‍പ്പിക്കും. അതാത് ജില്ലകളിലെ നടത്തിപ്പ് ചുമതല ജില്ലാ കളക്ടര്‍മാര്‍ക്കായിരിക്കും.