എത്ര പറഞ്ഞാലും പഠിക്കില്ല: ഓൺലൈൻ തട്ടിപ്പിന് തലവെച്ചാൽ പണം പോയതു തന്നെ

കണ്ണൂർ : ഒാൺലൈൻ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം ദിനംപ്രതികൂടുന്നു. ചെറിയ ടാസ്കുകൾ ചെയ്താൽ ദിവസവും 750 രൂപ ലഭിക്കുമെന്ന് വാഗ്ദാനം വിശ്വസിച്ച പള്ളിക്കുന്നിലെ നളിനിക്ക് നഷ്ടമായത് 1.1 ലക്ഷം രൂപ. ആദ്യ ദിവസങ്ങളിൽ വാഗ്ദാനം ചെയ്ത തുക കൃത്യമായി നൽകിയെങ്കിലും പിന്നീട് നിക്ഷേപിച്ച പണം നൽകാതെ വഞ്ചിച്ചുവെന്നാണ് കേസ്. ടൗൺ സ്റ്റേഷനിലാണ് പരാതി നൽകിയത്.
ഓൺലൈനിൽ മെറ്റീരിയൽ വില്പന ചെയ്യാൻ തയ്യാറായ പള്ളിക്കുന്നിലെ യുവതിക്ക് നഷ്ടമായത് 4.75 ലക്ഷം രൂപ. ഓൺലൈൻ ബാങ്കിങ്ങിലൂടെയാണ് പണം നഷ്ടമായത്. ടൗൺ പോലീസിൽ പരാതി നൽകി. ഓർഡർ ചെയ്ത ഭക്ഷണം ലഭിക്കാത്തതിനെ തുടർന്ന് പണം തിരികെ ലഭിക്കാൻ ഓൺലൈൻ വഴി അന്വേഷണം നടത്തിയ യുവാവിന് നഷ്ടമായത് 10,000 രൂപ. ചിറക്കൽ അരയമ്പേത്ത് സ്വദേശി രോഹൻ രമേഷിനാണ് പണം നഷ്ടമായത്.
743 രൂപയുടെ ഭക്ഷണം ഓർഡർ ചെയ്തിട്ട് സാധനം ലഭിക്കാത്തതിനാൽ യുവാവ് പണം തിരികെ ആവശ്യപ്പെട്ടിരുന്നു. കമ്പനി പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനെ തുടർന്ന് ഗൂഗിൾ വഴി തിരഞ്ഞ് കണ്ടെത്തിയ ഇന്ത്യൻ കൺസ്യൂമർ കംപ്ലെയിന്റ്സിൽ രജിസ്റ്റർ ചെയ്ത് പരാതിപ്പെടുകയായിരുന്നു.
തുടർന്ന് പരാതിക്കാരനോട് എനി ഡെസ്ക് എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ടു. എ.ടി.എം. കാർഡ് വിവരങ്ങളും ശേഖരിച്ചു. സെപ്റ്റംബർ 12-ന് അക്കൗണ്ടിൽനിന്ന് 10,000 രൂപ പിൻവലിക്കപ്പെട്ടു. രോഹൻ രമേഷിന്റെ പരാതിയിൽ വളപട്ടണം പോലീസ് കേസെടുത്തു.
ഒ.ടി.പി. നൽകി; അക്കൗണ്ട് കാലിയായി
കെ.വൈ.സി. അപ്ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വന്ന ഫോൺകോളിൽ ദമ്പതിമാർക്ക് നഷ്ടമായത് ഒരുലക്ഷം രൂപ. കിഴുന്ന സ്വദേശി രവീന്ദ്രനാണ് പണം നഷ്ടമായത്. ഫോണിലൂടെയുള്ള നിർദേശങ്ങൾ പാലിച്ച് ഒ.ടി.പി. പറഞ്ഞ് കൊടുത്തതോടെ പണം നഷ്ടമാകുകയായിരുന്നു. രവീന്ദ്രന്‍റെ അക്കൗണ്ടിൽനിന്ന് 29,900 രൂപയും ഭാര്യയുടെ അക്കൗണ്ടിൽനിന്ന് 74,000 രൂപയുമാണ് നഷ്ടമായത്. എടക്കാട് പോലീസ് അന്വേഷണം തുടങ്ങി.
പയ്യന്നൂരിൽ നാലുപേർക്ക് നഷ്ടമായത് 34 ലക്ഷം
പയ്യന്നൂർ : പയ്യന്നൂരിൽ ഓൺലൈൻ വഴി പണം തട്ടിപ്പിന്റെ പുതുവഴികളിലൂടെ അജ്ഞാതർ തട്ടിയെടുത്തത് 34 ലക്ഷത്തോളം രൂപ. അമിതലാഭം നൽകാമെന്ന് പ്രലോഭിപ്പിച്ചും ജോലി വാഗ്ദാനം ചെയ്തും പുതിയ സാങ്കേതികവിദ്യകളിലൂടെ അക്കൗണ്ടിൽനിന്ന് ഉടമയറിയാതെ പണം പിൻവലിച്ചുമാണ് പുതിയ തട്ടിപ്പുകൾ നടന്നത്.
ഇതിനെതിരെ പോലീസിന്റെ എൻ.സി.ആർ.ബി. ഓൺലൈൻ പോർട്ടലിൽ വന്ന നാല് പരാതികളിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പയ്യന്നൂർ പോലീസ് കേസെടുക്കുകയായിരുന്നു.
കോറോം ചാലക്കോട് സ്വദേശി പി. ഷിജിലിന് 29 ലക്ഷം രൂപ നഷ്ടമായെന്ന പരാതിയിലാണ് ഒരു കേസ്. കഴിഞ്ഞമാസം 20-നും 22-നുമിടയിൽ ടെലഗ്രാം ആപ് മുഖേന അമിതലാഭം വാഗ്ദാനം ചെയ്ത് അജ്ഞാതരായ പ്രതികൾ ബാങ്ക് അക്കൗണ്ട് മുഖേന 29 ലക്ഷം രൂപ വാങ്ങിയെടുത്തുവെന്നും ഈ പണം തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് ഐ.ടി. ആക്ട്കൂടി ഉൾപ്പെടുത്തി പോലീസ് കേസെടുത്തത്.
പയ്യന്നൂർ കോത്തായിമുക്ക് പാട്യം റോഡിലെ അഞ്ജലി രവീന്ദ്രന്റെ പരാതിയിലാണ് മറ്റൊരു കേസ്. ജൂലായ് 15-നും 17-നുമിടയിൽ ഓൺലൈനിൽ ഇൻഫോസിസ് അനലിസ്റ്റായി ജോലി വാഗ്ദാനം ചെയ്താണ് ഈ തട്ടിപ്പ് അരങ്ങേറിയത്. പ്രതികൾ വ്യാജ ലിങ്ക് മുഖേന പരാതിക്കാരിയിൽനിന്ന് ഓൺലൈൻ ട്രാൻസ്ഫറായും ഗൂഗിൾപേ വഴിയും ബാങ്ക് അക്കൗണ്ട് വഴിയും 2.8 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്.
പയ്യന്നൂരിലെ ടി.പി. അക്ഷയ് വഞ്ചിക്കപ്പെട്ടത് ജോലി വാഗ്ദാനത്തിലാണ്. കഴിഞ്ഞമാസം 25 മുതൽ ഈമാസം നാല് വരെയുള്ള ദിവസങ്ങളിലാണ് തട്ടിപ്പ് നടന്നത്. ടെലഗ്രാം ആപ്പുവഴിയാണ് തട്ടിപ്പിന് കളമൊരുങ്ങിയത്. ഫ്രീലാൻസ് ജോലി വാഗ്ദാനത്തിൽ വിശ്വസിച്ച് ഇയാൾ നൽകിയ 1.4 ലക്ഷം രൂപയാണ് നഷ്ടമായത്.
വെള്ളൂർ സൗപർണികയിലെ ശ്രീഹരിയ്ക്ക് നഷ്ടമായത് 90,000 രൂപയാണ്. പരാതിക്കാരന്റെ എസ്.ബി.ഐ. ബാങ്ക് അക്കൗണ്ടിൽനിന്ന് പ്രതികളുടെ പഞ്ചാബ് നാഷണൽ ബാങ്കിലെ 0207002100149583 നമ്പർ അക്കൗണ്ടിലേക്ക് 1000 രൂപ നിക്ഷേപിച്ചിരുന്നു.
പിന്നീട് പരാതിക്കാരൻപോലുമറിയാതെ ഇയാളുടെ അക്കൗണ്ടിൽനിന്ന് പ്രതികൾ 90,000 രൂപ പിൻവലിക്കുകയായിരുന്നുവെന്നാണ് ഇയാൾ നൽകിയ പരാതി.