പുൽപ്പള്ളി ബാങ്ക്‌ തട്ടിപ്പ്‌; കോൺഗ്രസ്‌ നേതാക്കൾക്കെതിരായ അന്വേഷണം മരവിപ്പിച്ച്‌ ഇഡി

Share our post

കൽപ്പറ്റ : കോൺഗ്രസ്‌ നേതാക്കളുടെ നേതൃത്വത്തിൽ പുൽപ്പള്ളി സഹകരണ ബാങ്ക്‌ കേന്ദ്രീകരിച്ച്‌ നടത്തിയ വായ്‌പാ തട്ടിപ്പിലെ അന്വേഷണം മരവിപ്പിച്ച്‌ ഇഡി. എട്ട്‌ കോടിയോളം രൂപയുടെ വായ്‌പാ തട്ടിപ്പാണ്‌ ബാങ്കിൽ നടത്തിയത്‌. ബാങ്ക്‌ മുൻ പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്നു കെ. കെ അബ്രഹാമായിരുന്നു ഒന്നാംപ്രതി.

തട്ടിപ്പിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ്‌ കള്ളപ്പണ നിരോധന നിയമപ്രകാരം ഇഡി കേസെടുത്തത്‌. സംസ്ഥാനത്തെ ചില സഹകരണ ബാങ്കുകളെ തെരഞ്ഞുപിടിച്ച്‌ രാഷ്‌ട്രീയ ലക്ഷ്യത്തോടെ റെയ്‌ഡും അന്വേഷണവും നടത്തുമ്പോഴാണ്‌ കോൺഗ്രസ്‌ ഭരണസമിതി കോടികളുടെ വെട്ടിപ്പ്‌ നടത്തിയ ബാങ്കിലെ അന്വേഷണം മരവിപ്പിച്ചത്‌.

വായ്‌പാ തട്ടിപ്പിന്‌ ഇരയായ കർഷകരിലൊരാളായ രാജേന്ദ്രൻ നായർ കഴിഞ്ഞ മെയ്‌ 30ന്‌ ജീവനൊടുക്കി. തുടർന്ന്‌ ഇഡി പ്രതികളുടെ വീടുകളിൽ റെയ്‌ഡ്‌ നടത്തി. കെ. കെ അബ്രഹാം, സേവാദൾ ജില്ലാ വൈസ്‌ചെയർമാനായിരുന്ന കൊല്ലപ്പള്ളി സജീവൻ, ബാങ്ക്‌ മുൻ സെക്രട്ടറി രമാദേവി, ജീവനക്കാരനായിരുന്ന പി. യു തോമസ്‌ എന്നിവരുടെ വീടുകളിലായിരുന്നു റെയ്‌ഡ്‌. പ്രതികളെ സമൻസ്‌ അയച്ച്‌ വിളിപ്പിച്ച്‌ ചോദ്യംചെയ്‌തു.

പിന്നീട്‌ നടപടി ഉണ്ടായില്ല. രണ്ടുമാസത്തോളമായി കേസ്‌ മരവിച്ച നിലയിലാണ്‌. അന്വേഷണമില്ല. കോൺഗ്രസിലെ മറ്റുനേതാക്കൾക്കും പണം നൽകിയിട്ടുണ്ടെന്ന്‌ പ്രതികളിലൊരാളായ കൊല്ലപ്പള്ളി സജീവൻ മാധ്യമങ്ങളോട്‌ വെളിപ്പെടുത്തിയിരുന്നു. ഇതിലും ഇഡി അന്വേഷണം നടത്തിയില്ല.

കോൺഗ്രസ്‌ നേതാക്കളുടെ വായ്‌പാ തട്ടിപ്പിൽ 38 കർഷകരാണ്‌ ഇരകളായത്‌. സംഭവത്തിൽ വിജിലൻസ്‌ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്‌. പൊലീസ്‌ രജിസ്‌റ്റർചെയ്‌ത വഞ്ചനാകേസിൽ അറസ്‌റ്റിലായ കെ കെ അബ്രഹാമിന്‌ ഒന്നരമാസത്തിന്‌ ശേഷമായിരുന്നു ജാമ്യം ലഭിച്ചത്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!