പായം പഞ്ചായത്തിന്റേത് മികച്ച മാതൃക; അന്തർ സംസ്ഥാന പാതയിൽ പൂമരങ്ങൾ നടും

ഇരിട്ടി : ജനത്തിരക്കേറിയ നഗര പ്രദേശങ്ങളിലെ മാലിന്യ മൂലകൾ ഉദ്യാനങ്ങളാക്കി മാറ്റിയ പായം പഞ്ചായത്ത് മാതൃക ജില്ലയിൽ മറ്റിടങ്ങളിലും നടപ്പാക്കാൻ പ്രേരിപ്പിക്കുമെന്ന് കലക്ടർ എസ്. ചന്ദ്രശേഖർ. ഇരിട്ടി പാലത്തിനടുത്ത മാലിന്യക്കൂമ്പാരം വൃത്തിയാക്കി നിർമിച്ച ഗ്രീൻലീഫ് പാർക്കും വള്ളിത്തോട് ടൗണിലെ മാലിന്യമൂല വൃത്തിയാക്കി നിർമിച്ച ഒരുമ പാർക്കും മികച്ച മാതൃകയാണെന്ന് കലക്ടർ പറഞ്ഞു. ഗ്രീൻലീഫ് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും വള്ളിത്തോട് ഒരുമ റെസ്‌ക്യൂ ടീമുമാണ് ഉദ്യാനങ്ങൾ നിർമിച്ചത്. പഴശ്ശി സംഭരണി തീരത്തിന്റെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്താൻ നടപടി സ്വീകരിക്കും. വിവിധ വകുപ്പ് പ്രതിനിധികളെയും മാലിന്യ മുക്ത നവകേരള കർമപദ്ധതി പ്രതിനിധികളെയും ഏകോപിപ്പിച്ച് മാസ്റ്റർ പ്ലാൻ തയ്യാറാക്കും.
റോഡരികുകളിൽ പുഷ്പിക്കുന്ന മരങ്ങൾ വച്ചു പിടിപ്പിക്കും. ആദ്യഘട്ടമായി അന്തർസംസ്ഥാന പാതയിലെ കൂട്ടുപുഴ മുതൽ ഇരിട്ടി ടൗൺ വരെ പദ്ധതി നടപ്പാക്കും. പായം പഞ്ചായത്തിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും ഹരിതകേരള മിഷൻ, ശുചിത്വമിഷൻ എന്നിവയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. റോഡരികുകളിൽ നട്ടുപിടിപ്പിക്കാൻ സാധ്യമാകുന്ന മരങ്ങളുടെ വിവര ശേഖരണം നടത്താൻ ബന്ധപ്പെട്ടവർക്ക് കലക്ടർ നിർദേശം നൽകി.
പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, വൈസ് പ്രസിഡന്റ് എം. വിനോദ്കുമാർ, മുജീബ് കുഞ്ഞിക്കണ്ടി, ഹരിതകേരള മിഷൻ ജില്ലാ കോ-ഓഡിനേറ്റർ ഇ.കെ. സോമശേഖരൻ, ശുചിത്വ മിഷൻ ജില്ലാ കോ-ഓഡിനേറ്റർ കെ.എം. സുനിൽകുമാർ, ഗ്രീൻലീഫ് ചെയർമാൻ ടി.എ. ജസ്റ്റിൻ, സെക്രട്ടറി പി. അശോകൻ, ജുബി, പി.വി. ബാബു, പി.പി. രജീഷ്, പി. സുനിൽകുമാർ, ഇ. രജീഷ്, ബിനു കുളമക്കാട്ട് എന്നിവരും കലക്ടർക്കൊപ്പമുണ്ടായി.