കെ-ഫോൺ കൂടുതൽ പേരിലേക്ക്; ബി.പി.എൽ. ഇതരർക്കും കിട്ടും

Share our post

തിരുവനന്തപുരം: കെ-ഫോണ്‍ വഴിയുള്ള ഇന്റര്‍നെറ്റ് സേവനം ബി.പി.എലിന് മുകളിലുള്ള ഗാര്‍ഹിക ഉപഭോക്താക്കളിലേക്കും എത്തിത്തുടങ്ങി. ഇതുവരെ സ്കൂളുകളിലും സര്‍ക്കാര്‍സ്ഥാപനങ്ങളിലും ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ട വീടുകളിലും ലഭ്യമായിരുന്ന കെ-ഫോണ്‍ ഇതോടെ സമൂഹത്തിന്റെ എല്ലാ ശ്രേണിയിലേക്കും വ്യാപിക്കുകയാണ്.

20 എം.ബി.പി.എസ്. മുതല്‍ 250 എം.ബി.പി.എസ് വരെ വേഗത്തിലുള്ള സേവനമാണ് കെ-ഫോണ്‍ വീടുകളില്‍ നൽകുക. ഈ രണ്ടുവിഭാഗങ്ങളുമുള്‍പ്പെടെ ഒമ്പത് വ്യത്യസ്ത വേഗവിഭാഗങ്ങളില്‍ സേവനം ലഭിക്കും. കടകള്‍ക്കും വ്യവസായസ്ഥാപനങ്ങള്‍ക്കും ഇതേവേഗത്തില്‍ കണക്ഷന്‍ ലഭ്യമാകും.

ആറുമാസത്തേക്കാണ് ആദ്യം കണക്ഷന്‍ നൽകുക. 20 എം.ബി.പി.എസ്. വേഗത്തിലുള്ള വിഭാഗത്തില്‍ ആറുമാസത്തേക്ക് അടയ്ക്കേണ്ടത് 1794 രൂപയും ജി.എസ്.ടി.യുമാണ്. മോഡം ഉള്‍പ്പെടെയുള്ള നിരക്കാണിത്. മാസം 3000 ജി.ബി. ഡേറ്റ ഉപയോഗിക്കാം. ആറുമാസത്തിനുശേഷം ഇതേവിഭാഗത്തില്‍ കണക്ഷന്‍ തുടരണമെങ്കില്‍ മാസം 299 രൂപയാണ് നിരക്ക്.

ഏറ്റവും ഉയര്‍ന്നവേഗത്തിലുള്ള 250 എം.ബി.പി.എസ്. വിഭാഗത്തില്‍ ആറുമാസത്തെ കണക്ഷന് ആദ്യം നൽകേണ്ടത് 7494 രൂപയും ജി.എസ്.ടി.യുമാണ്. മാസം 5000 ജി.ബി. ഉപയോഗിക്കാം. ആറുമാസത്തിനുശേഷമുള്ള മാസനിരക്ക് 1249 രൂപയായിരിക്കും.

30 എം.ബി.പി.എസ് വേഗത്തിലുള്ള സേവനത്തിന് സ്വകാര്യമേഖലയിലെ കുറഞ്ഞമാസനിരക്ക് 480 രൂപയാണ്. കെ-ഫോണിനിത് ജി.എസ്.ടി. സഹിതം 411 രൂപയാണ്.

ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ട വീടുകളില്‍ സേവനം സൗജന്യമാണ്. 15 എം.ബി.പി.എസ്. വേഗത്തിലുള്ള സർവീസാണ് നൽകുന്നത്.

വീടുകളിലും സ്ഥാപനങ്ങളിലും കെ-ഫോണ്‍വഴി ഇന്റര്‍നെറ്റ് ലഭിക്കാൻ എന്റെ കെ-ഫോണ്‍ (EnteKFon) മൊബൈല്‍ ആപ്പ് വഴിയോ KFon.in എന്ന വെബ്‌സൈറ്റിലൂടെയോ രജിസ്റ്റര്‍ചെയ്യണം. എന്റെ കെ-ഫോണ്‍ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

എറണാകുളം ജില്ലയില്‍ വാഴക്കുളം പ്രദേശത്താണ് ആദ്യം ബി.എപി.എല്‍. വിഭാഗത്തിന് മുകളിലുള്ളവര്‍ക്ക് കണക്ഷന്‍ നൽകിയത്. കൊച്ചി നഗരത്തിലേക്കും ഉടനെത്തും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!