ഇരിട്ടി ബ്ലോക്ക് ക്ഷീര കർഷക സംഗമം നാളെ

മട്ടന്നൂർ : ഇരിട്ടി ബ്ലോക്ക് ക്ഷീര കർഷക സംഗമം 23-ന് രാവിലെ 9.30ന് ചാവശ്ശേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ അധ്യക്ഷതവഹിക്കും. പഴശ്ശിരാജാ നഗർ ക്ഷീരസംഘത്തിന്റെ ഫാർമേഴ്‌സ് ഫെസിലിറ്റേഷൻ-ഇൻഫർമേഷൻ സെന്ററിന്റെ ഉദ്ഘാടനവും നടക്കും.
കർഷകർക്കായി ക്ഷീരവികസനസെമിനാറും ആത്മ ജില്ലാതല പരിശീലനവുമുണ്ടാകും. ഏറ്റവുമധികം പാലളക്കുന്ന ക്ഷീരകർഷകരെയും ക്ഷീരസംഘങ്ങളെയും ചടങ്ങിൽ അനുമോദിക്കും.
ക്ഷീരോത്പന്ന പ്രദർശനം, ഡെയറി ക്വിസ് മത്സരം, വിവിധ കലാ-കായികമത്സരങ്ങൾ എന്നിവയും സംഘടിപ്പിക്കും.
പത്രസമ്മേളനത്തിൽ ക്ഷീരവികസന ഓഫീസർമാരായ എം.വി.ജയൻ, ജെ.എസ്.ജെസ്‌നി, പി.ആർ.നഗർ ക്ഷീരസംഘം പ്രസിഡന്റ് എം.ഗീത, സെക്രട്ടറി കെ.അരുൺ, കെ.വി.രാമചന്ദ്രൻ, ഇ.കുഞ്ഞിരാമൻ നമ്പ്യാർ എന്നിവർ പങ്കെടുക്കും.