പണം പാസാക്കിട്ടും ബില്ല് മാറുന്നില്ല: ആനുകൂല്യം ലഭിക്കാതെ ബി.എൽ.ഒമാർ

കണ്ണൂർ: ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷനിലെ താഴെ തട്ടിലുള്ള ബൂത്ത് ലെവൽ ഓഫീസർമാർ ഒരു വർഷമായി ആനുകൂല്യവും കാത്ത് ദുരിതവൃത്തത്തിൽ. 2022-23 വർഷത്തെ ബി.എൽ.ഒമാരുടെ ഹോണറേറിയവും ടെലഫോൺ അലവൻസും വിതരണം ചെയ്യാനായി ജൂലായ് ഇരുപതിന് 18,03,20512 രൂപ അനുവദിച്ച് ചീഫ് ഇലക്ട്രൽ ഓഫീസർ വിവിധ ജില്ല കളക്ടർക്ക് നിർദ്ദേശം നൽകിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല.
മാസം അഞ്ഞൂറ് രൂപ നിരക്കിൽ വർഷം 6000 രൂപ ഹോണറേറിയവും ഫോൺ അലവൻസിന് മാസം 100 രൂപ നിരക്കിൽ വർഷം 1200 രൂപയും ഉൾപ്പെടെ 7200 രൂപയാണ് ഒരു ബി.എൽ.ഒക്ക് വർഷം ലഭിക്കുന്നത്. 1800 ബി.എൽ.ഒമാരാണ് ജില്ലയിലുള്ളത്. ബില്ല് സമർപ്പിക്കുന്നവർക്ക് പണം വിതരണം ചെയ്യണം എന്നറിയിച്ച് വിവിധ താലൂക്ക് ഓഫീസുകളിലേക്ക് പണം എത്തിച്ചിട്ടുണ്ടെന്നാണ് കളക്ട്രേറ്റിൽ നിന്ന് ലഭിക്കുന്ന മറുപടി.
എന്നാൽ താലൂക്ക് ഓഫീസുകളിൽ നിന്ന് ബില്ല് മാറി കിട്ടുന്നില്ലെന്നാണ് പറയുന്നത്.ധനകാര്യ വകുപ്പിൽ നിന്നുള്ള സമ്മർദം കൊണ്ടാണ് പണം ലഭിക്കാത്തതെന്നാണ് ബി.എൽ.ഒമാർ പറയുന്നത്. വലിയ ഉത്തരവാദിത്വമുള്ള ജോലികൾ ചെയ്യുമ്പോഴും തുച്ഛമായ പ്രതിഫലമാണ് ലഭിക്കുന്നതെന്നും എന്ത് കൊണ്ടാണ് അത് കൃത്യമായി വിതരണം ചെയ്യാത്തതെന്നുമാണ് ബി.എൽ.ഒമാർ ചോദിക്കുന്നത്.
അതേ സമയം ഓണത്തിന് മുൻപ് ബില്ല് സമർപ്പിച്ച ചില ആളുകൾക്ക് പണം ലഭിച്ചിട്ടുണ്ട്.കണ്ണൂർ,കാസർകോട് ജില്ലകളിൽ ഒറ്റ രൂപ ലഭിച്ചില്ലകണ്ണൂർ, കാസർകോട് ജില്ലയിൽ ഒരാൾക്ക് പോലും ഇതുവരെ ആനുകൂല്യം ലഭിച്ചിട്ടില്ല. കണ്ണൂർ ജില്ലയിലെ ബി.എൽ.ഒമാർക്ക് വിതരണം ചെയ്യാനുള്ളത് 1,32,79800 രൂപയും കാസർകോട് ജില്ലയിൽ വിതരണം ചെയ്യാനുള്ളത് 69,99600 രൂപയുമാണ്. കോഴിക്കോട് കൊയിലാണ്ടി താലൂക്കിലും, വയനാട് മാനന്തവാടി താലൂക്കിലും പണം വിതരണം ചെയ്തിട്ടുണ്ട്.
ബി.എൽ.ഒസർവീസിലുള്ള സർക്കാർ ജീവനക്കാരനെയാണ് ബി.എൽ.ഒമാരായി നിയമിക്കുക. ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം വരാതെ അവധി ദിവസങ്ങളിലും ജോലി സമയം കഴിഞ്ഞുമാണ് ബി.എൽ.ഒമാർ തിരഞ്ഞെടുപ്പ് ജോലികൾ ചെയ്യേണ്ടത്. വോട്ട് കൂട്ടിച്ചേർക്കുക, മരണപ്പെട്ടവരെയും താമസം മാറിയവരേയും പട്ടികയിൽ നിന്ന് ഒഴിവാക്കുക, വോട്ടിംഗ് സ്ലിപ് വിതരണം ചെയ്യുക തുടങ്ങി വോട്ടർ പട്ടിക തയ്യാറാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് ബി.എൽ.ഒമാർ ചെയ്യേണ്ടത്. ഒരു ബൂത്തിൽ ഒരു ബി.എൽ.ഒയ്ക്കാണ് ഡ്യൂട്ടിയുള്ളത്.